Latest NewsKerala

എല്ലാ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നു: കോണ്‍ഗ്രസിനെ ഞങ്ങള്‍ക്ക് വേണ്ടെന്ന് കെഎം മാണി

കോട്ടയം: തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയുമായി കെഎം മാണി. സിപിഎം പിന്തുണ സ്വീകരിച്ച വിഷയം പ്രാദേശിക നീക്കുപോക്കു മാത്രമാണെന്ന് മാണി പറയുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല സംഭവം നടന്നത്. ഇത് കോട്ടയം ഡിസിസി ക്ഷണിച്ചുവരുത്തിയ തിരിച്ചടിയാണെന്നും മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസിനെ അധിക്ഷേപിച്ച് തുടര്‍ച്ചയായി രംഗത്തുവന്ന കോട്ടയം ഡിസിസിയോടുള്ള പ്രാദേശികമായ എതിര്‍പ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കണ്ടത്. സംഭവം നിര്‍ഭാഗ്യകരമാണെങ്കിലും പാര്‍ട്ടി ജില്ലാ നേതൃത്വത്തെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും തള്ളിപ്പറയാന്‍ താന്‍ തയാറല്ലെന്നും അദ്ദേഹം പറയുന്നു. അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും മാണി വ്യക്തമാക്കി.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിനെ വിമര്‍ശിക്കാന്‍ കേരളത്തിലെ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അവകാശമുണ്ടോ എന്നാണ് വിമര്‍ശകരോട് മാണി ചോദിക്കുന്നത്. എകെ ആന്റണിപോലും സിപിഎമ്മിന്റെ കൂടെകൂടിയിട്ടുണ്ട്. തങ്ങള്‍ കോണ്‍ഗ്രസിന് തന്നെ പിന്തുണ നല്‍കണമെന്ന കരാര്‍ ഒപ്പിട്ടില്ലെന്നും മാണി പറഞ്ഞു. തങ്ങള്‍ യുഡിഎഫിന്റെ ഭാഗമല്ലാതെ നില്‍ക്കുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തങ്ങള്‍ക്കും കോണ്‍ഗ്രസിനെ വേണ്ടെന്ന് മാണി പറഞ്ഞു.

സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ചത് വലിയ അപരാദമായി ചിത്രീകരിക്കേണ്ട ആവശ്യമില്ല. മാധ്യമങ്ങളാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും കെഎം മാണി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button