അബുദാബി: സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആശുപത്രിയില്‍ നടത്തിയ ചെറിയ പാര്‍ട്ടിക്കിടെ ഒരു കഷണം കേക്ക് കഴിച്ച ഡോക്ടര്‍ക്ക് വേണ്ടിവന്നത് ശസ്ത്രക്രിയ. കേക്ക് കഷണത്തില്‍ ഉണ്ടായിരുന്ന ലോഹകഷണം ഡോക്ടറുടെ വയറിലെത്തി കുടലിന് പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ വേണ്ടിവന്നു.
നാലുസെന്റിമീറ്റര്‍ നീളമുണ്ടായിരുന്ന ഇരുമ്പുകഷണം മൂലം ‘രോഗി’യായി തീര്‍ന്ന അറബി ഡോക്ടര്‍ക്ക് ആശുപത്രിയില്‍ ചെലവഴിക്കേണ്ടിവന്നത് നാലുദിവസം, അതും വെള്ളം മാത്രം കുടിച്ച്.
ആശുപത്രി മാനേജ്‌മെന്റ് നടത്തിയ പാര്‍ട്ടിയില്‍ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമൊപ്പം കേക്ക് കഴിച്ചതോടെ ഡോക്ടര്‍ക്ക് വയറുവേദനയും നീറ്റലും അനുഭവപ്പെടുകയും തുടര്‍ന്ന് വയര്‍ വീര്‍ത്തുവരുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി ഇരുമ്പ് കഷണം പുറത്തെടുക്കുകയായിരുന്നു.
ആശുപത്രിയിലേക്ക് കേക്ക് നല്‍കിയ ബേക്കറിക്കെതിരേ കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ബേക്കറിയില്‍ പരിശോധന നടത്തിയ പോലീസും അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി അധികൃതരും ഡോക്ടറുടെ വയറ്റില്‍ നിന്ന് ഓപ്പറേഷനിലൂടെ പുറത്തെടുത്തതിന് സമാനമായ ഒരു ലോഹകഷണം ഇവിടെ നിന്ന് കണ്ടെടുത്തു. ശക്തമായ നിയമനടപടികള്‍ ബേക്കറി നേരിടേണ്ടിവരും.
Post Your Comments