ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിൽ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് ഈ ഭിന്നത. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. മുതിര്‍ന്ന നേതാവ് കുമാര്‍ വിശ്വാസ് നടത്തിയ പരസ്യപ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയിലെ ഭിന്നതകൾ പുതിയ തലത്തിലെത്തിയിരിക്കുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കുമാര്‍ വിശ്വാസിന് ബന്ധമുണ്ടെന്ന് ആംആദ്മി പാര്‍ട്ടി യുവജന വിഭാഗം നേതാവ് വന്ദന സിങ്ങും ആരോപണമുന്നയിച്ചു. നേതാക്കള്‍ വ്യത്യസ്ത ചേരികളിലായി പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തിയതോടെ പാര്‍ട്ടിയില്‍ ഒരു പൊട്ടിത്തെറി ഉണ്ടാവുന്നത് ഒഴിവാക്കുന്നതിനാണ് കെജ്രിവാളിന്റെ ശ്രമം.
പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഎപിയുടെ രാഷ്ട്രീയകാര്യ സമിതി ബുധനാഴ്ച 11 മണിക്ക് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ വിശ്വാസിനെ അനുനയിപ്പിക്കുന്നതിനും പ്രശ്നപരിഹാരമുണ്ടാക്കുന്നതിനുമുള്ള നീക്കമുണ്ടാകുമെന്നാണ് കരുതുന്നത്.
Post Your Comments