തൃശൂർ: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ റെയില്‍വെ വികസന പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നസെന്റ് എംപി സത്യാഗ്രഹ സമരം നടത്തുന്നു. ഈ മാസം 13ന് രാവിലെ പത്ത് മണി മുതല്‍ രണ്ട്‌വരെ ചാലക്കുടി റെയില്‍വെ സ്‌റ്റേഷന് മുന്നിലാണ് സമരം. പാലരുവി എക്‌സ്പ്രസിന് അങ്കമാലി, ചാലക്കുടി റെയില്‍വെ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യമുപ്പെട്ടാണ് സമരം നടത്താനൊരുങ്ങുന്നത്.
പുനലൂരില്‍ നിന്നും പാലക്കാട്ടേക്ക് പുതുതായി സര്‍വ്വീസ് ആരംഭിച്ച പാലരുവി എക്‌സ്പ്രസിന് മണ്ഡലത്തിലെ ആലുവ, അങ്കമാലി, കൊരട്ടി അങ്ങാടി, ചാലക്കുടി റെയില്‍വെ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വെ മന്ത്രിയുമായും ബോര്‍ഡുമായും ചര്‍ച്ച നടത്തിയിരുന്നെങ്കിലും ആലുവയിൽ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചത്. ഈ സാഹചര്യത്തിലാണ് സത്യാഗ്രഹ സമരം നടത്താന്‍ നിര്‍ബന്ധിതനായതെന്ന് ഇന്നസെന്റ് വ്യക്തമാക്കി. മണ്ഡലത്തിലെ റെയില്‍വെ സ്‌റ്റേഷനുകളുടെ ആധുനീകരണവും വികസനവും സാധ്യമാക്കുന്നതിന് അടിയന്തിര നടപടി വേണമെന്നും ഇന്നസെന്റ് ആവശ്യപ്പെട്ടു.
Post Your Comments