KeralaLatest NewsConstituencyElection 2019

ചാലക്കുടി ചാടിക്കടക്കുന്നത് മൂന്നില്‍ ആര്

ടിപ്പു സുല്‍ത്താന്റെ സൈന്യത്തിന്റെ വെടിക്കോപ്പുപുര ചാലക്കുടിപ്പുഴയുടെ തീരത്തായിരുന്നു. കമ്മ്യൂണിറ്റ് പാര്‍ട്ടിക്ക് മനോവീര്യം കൂട്ടാന്‍ തീപ്പൊരി പ്രസംഗങ്ങള്‍ അരങ്ങേറിയതും ചാലക്കുടി മണ്ണില്‍. കോണ്‍ഗ്രസിന്റെ നാവായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ ജന്മവും കര്‍മവുമെല്ലാം ഇവിടെയായിരുന്നു.ഡല്‍ഹിയിലെ കേന്ദ്ര സെക്രട്ടേറിയറ്റില്‍ ചാലക്കുടി ഫയല്‍ എന്നു പറഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ ഭവ്യതയോടെ കൈകാര്യം ചെയ്തിരുന്ന കാലമുണ്ട്. കേന്ദ്ര നിയമ, റെയില്‍വേ മന്ത്രിയായിരുന്ന പനമ്പിള്ളിയെ അവര്‍ക്ക് അത്രയേറെ ബഹുമാനമായിരുന്നു. കെ.കരുണാകരനെ രാഷ്ട്രീയം പഠിപ്പിച്ചതു പനമ്പിള്ളിയാണ്. കരുണാകരന്‍ 1999ല്‍ പാര്‍ലമെന്റിലെത്തിയത് പുനര്‍നിര്‍ണയത്തിനു മുന്‍പുള്ള ഇവിടത്തെ മണ്ഡലമായ മുകുന്ദപുരത്തുനിന്നു ജയിച്ചാണ്. 2004ല്‍ മകള്‍ പത്മജ സിപിഎമ്മിന്റെ ലോനപ്പന്‍ നമ്പാടനോടു തോറ്റതും ഇവിടെ. 2009ലെ മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് മുകുന്ദപുരം മണ്ഡലം ചാലക്കുടിയായി. കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ നിയമസഭ മണ്ഡലങ്ങളാണ് ചാലക്കുടി ലോക്സഭ മണ്ഡലത്തില്‍ ഉള്ളത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളില്‍ നാലെണ്ണത്തിലും കോണ്‍ഗ്രസ്സിന് ആയിരുന്നു വിജയം. രണ്ടിടത്ത് സിപിഐയും ഒരിടത്ത് സിപിഎമ്മും വിജയിച്ചു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ആയിരുന്ന പെരുമ്പാവൂര്‍, ജിഷ കൊലപാതക വിവാദത്തെ തുടര്‍ന്ന് നഷ്ടപ്പെടുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിലും യുഡിഎഫിന് അനുകൂലമായ അന്തരീക്ഷം ആണ് ചാലക്കുടിയില്‍ .ശബരിമല വിഷയം ബിജെപിയ്ക്ക് ഇത്തവണ വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞാല്‍, അതൊരുപക്ഷേ, കോണ്‍ഗ്രസിനായിരിക്കും മണ്ഡലത്തില്‍ തിരിച്ചടിയാകുക.

മുകുന്ദപുരമായിരുന്ന കാലം മുതലേ കോണ്‍ഗ്രസുകാര്‍ സുരക്ഷിതമെന്നു കണ്ണടച്ചു വിശ്വസിക്കുന്ന മണ്ഡലമാണിത്. തോല്‍പിച്ചതൊക്കെ ലോനപ്പന്‍ നമ്പാടനെയും ഇന്നസന്റിനെയും പോലുള്ള വിരുന്നുകാരാണ്. 16 തിരഞ്ഞെടുപ്പുകളില്‍ പന്ത്രണ്ടിലും കോണ്‍ഗ്രസ് ഉള്‍പ്പെട്ട മുന്നണി വിജയിച്ചു. തോല്‍വികള്‍ കോണ്‍ഗ്രസിനകത്തെ കുത്തിത്തിരിപ്പുകൊണ്ടായിരുന്നുവെന്ന് ആ കാലത്തെ രാഷ്ട്രീയചിത്രം നോക്കിയാലറിയാം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വരെ അതാവര്‍ത്തിച്ചു. തൃശൂരില്‍ മത്സരിക്കാനില്ലെന്നു പറഞ്ഞ പി.സി.ചാക്കോയെ ചാലക്കുടിയിലെ കോണ്‍ഗ്രസുകാര്‍ സ്വീകരിച്ചത് തോല്‍പിച്ചുതരാം എന്ന മനസ്സോടെയാണ്. അതു ചെയ്യുകയും ചെയ്തു.

 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ബിജെപി ഒരു ലക്ഷത്തോളം വോട്ട് പിടിച്ചു. ഇതത്ര ചെറിയ സംഖ്യയല്ല. അതുകൊണ്ടുതന്നെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ ഇവിടെ മത്സരിപ്പിക്കുന്നതും. ആര്‍എസ്എസ് വൊളന്റിയറായി കണ്ണൂരില്‍ തുടങ്ങിയ രാഷ്ട്രീയജീവിതമാണു രാധാകൃഷ്ണന്റേത്. പാര്‍ട്ടി എറണാകുളം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികളിലെല്ലാം എത്തി. രാഷ്ട്രീയത്തിനതീതമായ ബന്ധവുമുണ്ടാക്കി.ശബരിമല പ്രശ്‌നത്തില്‍ 10 ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരം കിടന്ന രാധാകൃഷ്ണന്‍, പാര്‍ട്ടിയുടെ ശബരിമല സമരത്തെ സജീവമാക്കി നിര്‍ത്തി. എല്‍.കെ.അഡ്വാനിയുടെ ആദ്യ കേരളയാത്രയുടെ ചുമതലക്കാരനായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാന ആകര്‍ഷണം ഇന്നസന്റ് തന്നെയായിരുന്നു. മലയാളിക്കു പുഞ്ചിരിയോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ഈ മുഖം മനസ്സിലിട്ടാണു വോട്ടര്‍മാര്‍ ബൂത്തിലെത്തിയത്. 2014ല്‍ ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ഇന്നസെന്റ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സിനിമാ താരത്തിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സാഹചര്യത്തിലാണ് ഇക്കുറിയും ഒരു പരീക്ഷണത്തിന് ഇടതു മുന്നണി തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ കരുത്തനായ പി.സി ചാക്കോയെ പരാജയപ്പെടുത്തിയ ഇന്നസെന്റിനെപ്പോലെ മികച്ച ഒരു സ്ഥാനാര്‍ത്ഥിയെ വീണ്ടും കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടാണ് ഈ തീരുമാനത്തില്‍ എത്തിച്ചിരിക്കുന്നത്.

ലോക്സഭയിലേക്ക് സിപിഎം പരീക്ഷിച്ച രണ്ടാമത്തെ സിനിമാതാരമായിരുന്നു ഇന്നസെന്റ്. അന്തരിച്ച പ്രമുഖ നടന്‍ മുരളിയെ 1999 തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സിപിഎം ഇറക്കിയെങ്കിലും വി എം സുധീരനോട് തോറ്റിരുന്നു.അതിന് ശേഷം കഴിഞ്ഞ തവണ ചാലക്കുടിയില്‍ ഇടതു സ്വതന്ത്രനായി ഇറക്കിയ ഇന്നസെന്റ് വന്‍ വിജയമാണ് നേടിയത്. കോണ്‍ഗ്രസിന്റെ ഷുവര്‍സീറ്റ് എന്ന നിലയില്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കി സീറ്റ് പിടിച്ചുവാങ്ങിയ പി സി ചാക്കോയെ 13,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇന്നസെന്റ് മറികടന്നത്. കമ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച് ആര്‍എസ്പിയിലൂടെ രാഷ്ട്രീയത്തിലെത്തി ഇരിങ്ങാലക്കുട നഗരസഭാംഗമായ ശേഷം സിനിമയിലേക്കു പോയ ഇന്നസന്റ് ഇത്തവണ മത്സരിക്കുന്നത് അരിവാള്‍ ചുറ്റിക നക്ഷത്രമെന്ന പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാണ്.

എ.കെ.ആന്റണിക്കും വയലാര്‍ രവിക്കും ശേഷമുള്ള കോണ്‍ഗ്രസ് തലമുറയുടെ പ്രതിനിധിയാണു ബെന്നി ബഹനാന്‍. 1978ല്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റായാണു നേതൃത്വത്തിലേക്കുള്ള വരവ്. 2011-ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം തൃക്കാക്കരയില്‍ നിന്ന് മത്സരിച്ച് വിജയിക്കുകയുണ്ടായി. 1982-ല്‍ പിറവം മണ്ഡലത്തില്‍ നിന്ന് വിജയം നേടി. ഇടക്കാലത്ത് തൃശൂര്‍ ഡിസിസിയുടെ ചുമതലക്കാരനായി. 1987-ല്‍ ഇദ്ദേഹം ഗോപി കോട്ടമുറിക്കലിനോട് പിറവത്ത് 16,480 വോട്ടിനാണ് തോറ്റത്.  2014-ല്‍ ഇടുക്കി പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ പരാജയം ഏറ്റുവാങ്ങി. എന്തൊക്കെയായലും കോണ്‍ഗ്രസിലെ മിതവാദിമുഖമാണ് ബെന്നി ബെഹനാന്‍. കടുത്ത എ ഗ്രൂപ്പുകാരനാണെങ്കിലും സര്‍വസമ്മതനായാണു സ്ഥാനാര്‍ഥിയായത്. കോണ്‍ഗ്രസില്‍ അതത്ര എളുപ്പമല്ല. യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ എന്ന പദവി ബെന്നിബെഹനാന്റെ സ്ഥാനാര്‍ഥിത്വത്തിനു ഗൗരവം കൂട്ടുന്നു.

പ്രളയമാണു ചാലക്കുടിയിലെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. നാലു ദിവസത്തോളം മേല്‍ക്കൂരവരെ മുങ്ങിയ ആയിരക്കണക്കിനു വീടുകളുണ്ട് മണ്ഡലത്തില്‍. തുറന്നുവിട്ട ഡാമുകളിലൂടെ പ്രളയം ഒഴുകിയെത്തുകയായിരുന്നു. ഒരു നാമ്പുപോലും ബാക്കിവയ്ക്കാതെ പ്രളയം എടുത്തുകൊണ്ടുപോയ ഏക്കര്‍ കണക്കിനു കൃഷിയിടങ്ങളുണ്ട്. ഇന്നും ക്യാംപുകളില്‍ കഴിയുന്നവരുണ്ട്. ചാലക്കുടി ടൗണിന്റെ നട്ടെല്ലൊടിച്ചാണു പ്രളയം പോയത്. ഒരുപാടുകാലത്തെ ലോക്‌സഭാ ചരിത്രം പറയാനില്ലാത്ത ചാലക്കുടിയില്‍ ഇത്തവണയും പ്രിയ താരത്തെ തന്നെ ജയിപ്പിക്കണോ, അതോ 2009 ലെ കോണ്‍ഗ്രസ് ഭരണം വീണ്ടും കൊണ്ടുവരണോ, ഒന്നുമല്ല ബിജെപിക്ക് വ്യത്യസ്ത ഭരണം കാഴ്ചവെക്കന്‍ അവസരം നല്‍കണോ, ഏത് തീരുമാനമാണ് വോട്ടര്‍മാര്‍ എടുക്കാന്‍ പോകുന്നത് എന്നത് കാത്തിരുന്നു കാണണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button