ഇംഫാല്‍: മണിപ്പൂരി സമര നായിക ഇറോം ശര്‍മിള 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച് രാഷ്ട്രീയരംഗത്ത് ഇറങ്ങിയത് കഴിഞ്ഞവര്‍ഷമാണ്. മണിപ്പൂരില്‍ പട്ടാളത്തിന് പ്രത്യേകഅധികാരം നല്‍കുന്ന നിയമം പിന്‍വലിക്കാന്‍ സമരം ആരംഭിച്ച അവര്‍ ഫലംകാണാതെ സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് അവര്‍ക്ക് പിന്നില്‍ ഉറച്ചുനിന്ന അനുയായികള്‍ അവര്‍ക്ക് എതിരായി.
തികച്ചും അപ്രതീക്ഷീതമായി ചരിത്രസമരം അവസാനിപ്പിക്കാന്‍ ഇറോം ശര്‍മിളയെ പ്രേരിപ്പിച്ചത് അവരുടെ പ്രണയവും വിവാഹം കഴിക്കാനുള്ള താല്‍പര്യവുമാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ ശരിവച്ചുകൊണ്ട് ഇറോം ശര്‍മിളയുടെ വിവാഹവാര്‍ത്തയെത്തി.
കാമുകനും അയര്‍ലന്‍ഡ് പൗരനുമായ ഡെസ്മണ്‍ട് കുടിഞ്ഞോയാണ് ശര്‍മിളയെ വിവാഹം കഴിക്കുന്നത്. ഒരാഴ്ചക്കകം വിവാഹം ഉണ്ടാകുമെന്നാണ് വിവരം. വിവാഹം കേരളത്തില്‍ വച്ചാണ് നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞമാസം ഇറോം ശര്‍മിള പാലക്കാട്ട് എത്തിയിരുന്നു. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിനിറങ്ങിയ ഇറോം ശര്‍മിള മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അവര്‍ കേരളത്തിലെത്തിയത്.
ദീപ്തി പ്രിയ മെഹ്റോത്രയുടെ ബേര്‍ണിങ്ങ് ബ്രൈറ്റ് എന്ന പുസ്തകത്തിലുടെയാണ് ഇറോം ശര്‍മിളയെക്കുറിച്ച് ഡെസ്മണ്‍ട് കുടിഞ്ഞോഅറിയുന്നത്. തുടര്‍ന്ന് 2009ല്‍ ഡെസ്മണ്‍ട് കുടിഞ്ഞോ, ഇറോമിന് കത്തെഴുതി. ഇതിനു ശേഷം ഇരുവരും തമ്മില്‍ കത്തുകളയക്കാറുണ്ടായിരുന്നു. 2011ലാണ് ഇരുവരും കോടതിയില്‍വച്ച് നേരിട്ട് കാണുന്നത്.
ഈ പരിചയമാണ് പിന്നീട് വിവാഹം വരെ എത്തിനില്‍ക്കുന്നത്. എട്ടു വര്‍ഷത്തെ നീണ്ട പ്രണയത്തിനാണ് ഇപ്പോള്‍ പരിസമാപ്തി ആകുന്നത്.
വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് ഡെസ്മണ്‍ടും ഇറോമും മധുരയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ് പൗരനെങ്കിലും ഗോവന്‍ വേരുകളുള്ളയാളാണ് കുടിഞ്ഞോ.
Post Your Comments