തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. നാളെ നെയ്യാറില്‍ നിന്നും പമ്പിംഗ് തുടങ്ങും. ഒറ്റ ആഴ്ച്ച കൊണ്ടു അപ്രായോഗ്യമെന്ന് വിലയിരുത്തപ്പെട്ട പദ്ധതി പൂര്‍ത്തിയാക്കിയാണ് ജലവകുപ്പിലെ ഉദ്യോഗസ്ഥര്‍ കുടിവെള്ള നിയന്ത്രണം ഒഴിവാക്കുന്നത്.
പത്തുലക്ഷത്തോളം വരുന്ന തലസ്ഥാന ജനതയ്ക്ക് സാധാരണയായി പേപ്പാറ അണക്കെട്ടില്‍ നിന്നുള്ള വെള്ളമാണ് അരുവിക്കരയിലെത്തിച്ച് വിതരണം ചെയ്യുന്നത്. എന്നാല്‍, പേപ്പാറ വറ്റിവരണ്ടപ്പോള്‍ നെയ്യാറില്‍നിന്നെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ് പറഞ്ഞപ്പോള്‍ പലരും നെറ്റിചുളിച്ചു. എന്നാല്‍, മന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസം മന്ത്രിസഭായോഗം ചേര്‍ന്ന് ഇതിനായി എത്ര പണം ചെലവഴിക്കാനും അനുമതി നല്‍കി. ഉടൻ തന്നെ നെയ്യാറില്‍നിന്ന് കാടുമൂടിക്കിടക്കുന്ന പ്രദേശത്തിലൂടെ ഒരുകിലോമീറ്റര്‍ പൈപ്പിട്ട് കുമ്പിള്‍തോട്ടിലേക്ക് വെള്ളമൊഴുക്കാനുള്ള പദ്ധതി ആരംഭിച്ചു.
എന്നാൽ നെയ്യാറില്‍ കാടുമൂടിക്കിടക്കുന്ന താഴ്ന്ന പ്രദേശത്തുനിന്ന് വെള്ളം പമ്പുചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. പക്ഷെ ഇതിന് പരിഹാരമായി ഡ്രഡ്ജര്‍ ഉപയോഗിക്കാമെന്ന് കണ്ടെത്തി. ഉടന്‍ ആലപ്പുഴയില്‍നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും ഡ്രഡ്ജര്‍ വെള്ളത്തിലിറക്കുന്നത് പ്രശ്‌നമായി. എന്നാൽ ഉരുളന്‍ തടികളിട്ട് ഡ്രഡ്ജര്‍ ഇറക്കി. എന്നാൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. പ്രതീക്ഷിക്കുന്ന ജലം പമ്പുചെയ്യണമെങ്കില്‍ കൂടുതല്‍ ഡ്രഡ്ജറും വൈദ്യുതിയും വേണം. പക്ഷെ അപ്പോൾ സാങ്കേതികത്വം വിലങ്ങുതടിയായില്ല. കെഎസ്ഇബി അധികാരികള്‍ എത്തി ഉടന്‍ ലൈന്‍വലിക്കുകയും പുതിയ ട്രാന്‍സ്‌ഫോമറും സ്ഥാപിക്കുകയും ചെയ്തു. പിന്നെ പ്രശ്‌നം ഫ്‌ളോട്ടിങ് പൈപ്പായി ഇത് വാങ്ങണമെങ്കില്‍ ടെന്‍ഡര്‍ വിളിക്കണം. ഇതിനു മാസങ്ങളെടുക്കുകയും നടപടികള്‍ പാലിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ നിയമക്കുരുക്കില്‍പെടും ചെയ്യും.
പക്ഷെ, മടിച്ചുനില്‍ക്കാതെ മന്ത്രി ഉത്തരവാദിത്തം ഏറ്റെടുത്തു. ആവശ്യത്തിന് വെള്ളമെത്തിക്കാന്‍ ഒരു ഡ്രഡ്ജര്‍കൂടി വേണം. അതും കണ്ടെത്തി കണ്ടെയ്‌നറില്‍ നെയ്യാറിലേക്ക് തിരിച്ചു. പമ്പിങ് ലൈനിലേക്കുള്ള പൈപ്പുകള്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി തുടരുകയാണ്. ഡ്രഡ്ജര്‍ എത്തുംമുമ്പുതന്നെ അവയില്‍ ഘടിപ്പിക്കേണ്ട 600 എംഎം പൈപ്പ് സ്ഥാപിക്കുന്ന പണി പൂര്‍ത്തിയാക്കി. റിസര്‍വോയറിലൂടെ കുമ്പിള്‍മൂട്‌തോടുവരെ ഒരുകിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 800 എംഎം പൈപ്പ് സ്ഥാപിച്ചു. ആദ്യ ഡ്രഡ്ജര്‍ ഉപയോഗിച്ച് പരീക്ഷണ പമ്പിങ്ങില്‍ വെള്ളം തോട്ടിലെത്തിച്ചതോടെ ദൗത്യം വിജയം കണ്ടു.
Post Your Comments