Latest NewsNewsIndia

ബഹിരാകാശ നയതന്ത്രത്തില്‍ ഇന്ത്യ കുതിയ്ക്കുന്നു : മോദിയുടെ ബഹിരാകാശ നയതന്ത്രം നാസയ്ക്ക് ഭീഷണി

ന്യൂഡല്‍ഹി: ബഹിരാകാശ നയതന്ത്രത്തില്‍ ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത മുന്നേറ്റമാണ് ഉണ്ടാക്കിയിരിയ്ക്കുന്നത്. ഇത് നാസയ്ക്ക് ഭീഷണിയാകുമെന്ന് അന്തര്‍ദേശീയ തലത്തില്‍ പോലും ചര്‍ച്ചയായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹിരാകാശ നയതന്ത്രം ഇന്ത്യയെ പുതിയ തലത്തില്‍ എത്തിച്ചെന്ന് ശാസ്ത്ര വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മേയ് 5ന് സൗത്ത് ഏഷ്യന്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി ഐ.എസ്.ആര്‍.ഒ തയ്യാറെടുക്കുകയാണ്. ഐ.എസ്.ആര്‍.ഒയുടെ ‘കുസൃതി പയ്യന്‍’ എന്നറിയപ്പെടുന്ന ജി.എസ്.എല്‍.വി മാര്‍ക്ക് 2 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുക.

അയല്‍രാജ്യങ്ങള്‍ക്ക് കൂടി ഉപകാരപ്പെടുന്ന 450 കോടിയുടെ ഈ പദ്ധതി തയ്യാറാക്കാന്‍ 2014ല്‍ മോദിയാണ് ഐ.എസ്.ആര്‍.ഒയോട് നിര്‍ദ്ദേശിച്ചത്. ജിയോ സ്‌പെഷ്യല്‍, കമ്മ്യൂണിക്കേഷന്‍, ടെലിമെഡിസിനിന്‍ എന്നിവയ്ക്കായി വിക്ഷേപിക്കുന്ന ഈ പ്രോജക്ട് ആദ്യം സാര്‍ക്ക് സാറ്റ്‌ലൈറ്റ് പ്രോജക്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ഇതില്‍ പിന്മാറിയതോടെ സൗത്ത് ഏഷ്യന്‍ സാറ്റ്‌ലൈറ്റ് പ്രോജക്ടായി പുനര്‍നാമകരണം ചെയ്തു. ഇന്ത്യയെ കൂടാതെ ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ക്കും ഈ ഉപഗ്രഹത്തിന്റെ നേട്ടം അനുഭവിക്കാം. 50 മീറ്റര്‍ നീളമുള്ള റോക്കറ്റിന് 412 ടണ്‍ ഭാരമാണുള്ളത്. 2230 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. മൂന്ന് വര്‍ഷം കൊണ്ട് 235 കോടി ചെലവിട്ടാണ് ഉപഗ്രഹം രൂപകല്‍പന ചെയ്തത്.

ഈ ഉപഗ്രഹത്തിന്റെ ഗുണങ്ങള്‍ ലഭിക്കുന്ന രാജ്യങ്ങള്‍ തമ്മിലുള്ള ഹോട്ട്‌ലൈന്‍ ബന്ധവും ഇതിലൂടെ സാദ്ധ്യമാവും. ഭൂകമ്പം, കൊടുങ്കാറ്റുകള്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മുന്‍കൂട്ടി അറിയാനും ആ വിവരങ്ങള്‍ പരസ്പരം കൈമാറാനും ഉപഗ്രഹം സഹായിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ഫ്രാന്‍സിലെ ബഹുരാഷ്ട്ര കമ്പനിയായ തേല്‍സുമായി ചേര്‍ന്ന് ഈ വര്‍ഷം അവസാനത്തോടെ ബംഗ്ലാദേശ് തങ്ങളുടെ ആദ്യ ഉപഗ്രഹത്തെ ആകാശത്ത് എത്തിക്കും. ഇതിന്റെ ഗുണം മാലദ്വീപിനും ഭൂട്ടാനും ലഭിക്കും. ആശയവിനിമയത്തിനായുള്ള രണ്ട് ഉപഗ്രഹങ്ങള്‍ വികസിപ്പിക്കാന്‍ നേപ്പാള്‍ ടെന്‍ഡര്‍ വിളിച്ചു കഴിഞ്ഞു. അതേസമയം പാകിസ്ഥാന്റെ സ്വന്തം ബഹിരാകാശ പദ്ധതി പ്രാരംഭ ഘട്ടത്തില്‍ ആയതിനാല്‍ തന്നെ അവര്‍ക്ക് അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്റെ അഞ്ച് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തുണ്ട്. എന്നാല്‍, ഭാരമേറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള ലോഞ്ച് പാഡുകള്‍ ഇല്ലാത്തത് അവര്‍ക്ക് തിരിച്ചടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button