ഉത്തര്‍പ്രദേശ് : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കണമെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശിലെ രണ്ട് ബിജെപി നേതാക്കള്‍. ഭാരാ ദ്വാരിയിലെ ഉദയ് സിങ് ഇന്റര്‍ കോളേജില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ അലിഗഡ് മേയര്‍ ശകുന്തള ഭാരതിയും എംഎല്‍എ സഞ്ജീവ് രാജയുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അലിഗഡിലെ പെണ്‍കുട്ടികള്‍ വഴിതെറ്റുന്നതിന്റെ പ്രധാന കാരണം മൊബൈല്‍ ഫോണ്‍ ആണെന്ന ‘കണ്ടെത്തലിലാണ്’ ബിജെപി നേതാക്കളുടെ വിലക്ക് ആവശ്യം.
പെണ്‍മക്കള്‍ക്ക് മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കരുതെന്നാണ് എംഎല്‍എയുടെ ഉപദേശം. “അവര്‍ സ്‌കൂളില്‍ പോകുന്നു, വീട്ടില്‍ തിരിച്ചെത്തുന്നു. എന്തിനാണ് അവര്‍ക്ക് മൊബൈല്‍ഫോണ്‍?” – എംഎല്‍എ ചോദിക്കുന്നു.
സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴും റോഡിലൂടെ നടക്കുമ്പോഴും പെണ്‍കുട്ടികള്‍ മുഖം മറയ്ക്കുന്നതിനെതിരേയും നേതാക്കള്‍ രംഗത്തെത്തി. “പെണ്‍കുട്ടികള്‍ അവരുടെ മുഖം മറയ്‌ക്കേണ്ട ആവശ്യകത എന്താണ്?” എന്നാണ് അവരുടെ ചോദ്യം. പെണ്‍കുട്ടികള്‍ അത്തരം കാര്യങ്ങള്‍ ചെയ്യുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണമെന്നും ഭാരതി ആവശ്യപ്പെട്ടു.
എംഎല്‍എയാണ് മൊബൈല്‍ വിലക്ക് ആവശ്യം ആദ്യം ഉന്നയിച്ചത്. അതിന് കുടപിടിച്ച് മേയറും രംഗത്തെത്തുകയായിരുന്നു. ഇതേസമയം ബിജെപി നേതാക്കളുടെ ആവശ്യത്തെ ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തി. മൊബൈല്‍ പെണ്‍കുട്ടികള്‍ക്ക് ചീത്തയും ആണ്‍കുട്ടികള്‍ക്ക് നല്ലതും ആകുന്നത് എങ്ങനെയെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ചോദ്യം.
Post Your Comments