മൂന്നാര്‍•വിനോദയാത്രയ്ക്കിടെ ഭാര്യ ഓടിച്ച കാറിടിച്ച് സൈക്കിള്‍ യാത്രികനായ യുവാവിന് കണ്മുന്നില് ദാരുണാന്ത്യം. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി അശോക് സുകുമാരന്‍ നായരാ (35) ണ് മരിച്ചത്. വേനലവധി ആഘോഷിക്കാന്‍ മൂന്നാറിലേക്കുള്ള യാത്രയിലാണ് അപകടം.
ഭാര്യ രശ്മി (32), മക്കളായ ശ്രദ്ധ (7), ശ്രേയ (5) എന്നിവരോടൊപ്പം ശനിയാഴ്ച രാവിലെയാണ് മൂന്നാറിലേക്കു തിരിച്ചത്. സൈക്ലിംഗ് കമ്പക്കാരനായ അശോക് ഒരു സൈക്കിളും വണ്ടിയുടെ മുകളില്‍ കരുതിയിരുന്നു. മൂന്നാര്‍ അടുക്കാറായതോടെ കാര്‍ ഭാര്യയെ ഏല്‍പ്പിച്ച് അശോക് സൈക്കിളുമായി കാറിന് മുന്നില്‍ സഞ്ചരിക്കാന്‍ തുടങ്ങി. രശ്മി വാഹനം ഓടിക്കാന്‍ ആരംഭിച്ച് അല്പ സമയത്തിനകം അപകടം സംഭവിച്ചു. മക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഡ്രൈവിങ്ങിനിടയില്‍ പാട്ടു കേള്‍ക്കാന്‍ സെറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ അശോക് സഞ്ചരിച്ച സൈക്കിളില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ ചക്രം തലയിലൂടെ കയറിയിറങ്ങിയ അശോകിനെ രശ്മി തന്നെ കാറില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അശോകിനെ മക്കള്‍ക്കൊപ്പം പുറകിലെ സീറ്റില്‍ കിടത്തി റോഡിലൂടെ 20 കിലോമീറ്റര്‍ അവര്‍ കാറോടിച്ചു. വഴിയറിയാതെ ബുദ്ധിമുട്ടിയ രശ്മിയെ വഴിപോക്കനായ ഒരാള്‍ കാറില്‍ കയറിയാണ് വഴികാട്ടിയത്. അശോകിനെ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രശ്മിയുടെയും മക്കളുടെയും സഹായത്തിനോ ആശ്വാസവാക്കുകള്‍ പറയാനോ ആശുപത്രിയിലെ നഴ്സുമാരല്ലാതെ ആരുമുണ്ടായിരുന്നില്ല.
ബംഗളൂരുവില്‍ ഐ.ടി കമ്പനി ജീവനക്കാരനായ അശോക് ബംഗളൂരുവിലെ പൂര്‍വ സ്കൈവുഡ് ഫ്ളാറ്റിലായിരുന്നു താമസം.
Post Your Comments