ലണ്ടന്‍: തീവ്രവാദിയാക്രമണത്തിന് ഗൂഢാലോചന നടത്തിയവര്‍ ഒളിച്ചിരുന്ന വീട് വളഞ്ഞ് പോലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരു സ്ത്രീ വെടിയേറ്റു വീണു. വീട്ടില്‍ നിന്ന് മറ്റ് അഞ്ചുപേരെ പോലീസ് പിടികൂടുകയും ചെയ്തു.
വടക്കന്‍ ലണ്ടനിലെ വില്‍സ്ഡണ്‍ പ്രദേശത്താണ് വെടിവയ്പ്പുണ്ടായത്. തീവ്രവാദിയാക്രമണത്തിന് പദ്ധതിയിടുന്ന സംഘം ഒളിവില്‍ കഴിയുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തീവ്രവാദ വിരുദ്ധ സംഘം പ്രദേശത്ത് എത്തിയത്.
തുടര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് യുവതിക്ക് വെടിയേറ്റത്. 30 വയസിന് താഴെ മാത്രമെ യുവതിക്ക് പ്രായമുള്ളൂവെന്നാണ് വിവരം. വെടിയേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില മെച്ചപ്പെട്ടതായും പോലീസ് പറഞ്ഞു. വില്‍സ്ഡണില്‍ നിന്ന് പിടികൂടിയ അഞ്ചുപേരെ കൂടാതെ സംഘത്തില്‍പ്പെട്ട ഒരാളെ കെന്റില്‍ നിന്നു പിടികൂടിയതായും പോലീസ് അറിയിച്ചു.
വെസ്റ്റ്മിനിസ്റ്റര്‍ പാലത്തിന് സമീപം ഒരു മാസത്തിന് മുന്‍പുണ്ടായ തീവ്രവാദിയാക്രമണത്തിന്റെ ഞെട്ടലിലാണ് ബ്രിട്ടീഷ് സമൂഹമിപ്പോഴും. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത ബ്രിട്ടീഷ് വംശജനായ ഖാലിദ് മസൂദ് എന്നയാള്‍ വഴിയാത്രക്കാരുടെ നേര്‍ക്ക് കാറോടിച്ച് കയറ്റിയാണ് ആ ആക്രമണം നടത്തിയത്. തുടര്‍ന്ന് പാര്‍ലമെന്റ് ഗ്രൗണ്ടില്‍ വച്ച് പോലീസ് ഓഫീസറെ ഇയാള്‍ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇയാളെ വെടിവച്ചു കൊല്ലുകയായിരുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് യുകെയിലാകമാനം തീവ്രവാദികള്‍ക്കെതിരേയുള്ള തെരച്ചിലും നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.
Post Your Comments