തിരുവനന്തപുരം : മൂന്നാർ വിഷയം പ്രതികരണവുമായി ജോയ് മാത്യു. “ഊരിപ്പിടിച്ച കത്തികൾക്കു മുന്നിലൂടെ നടന്നുവെന്നു പറയുന്നവർ മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ധീരത കാട്ടണമെന്നു” നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കുന്ന സർക്കാർ നടപടിക്ക് പിന്തുണ നൽകി കൊണ്ട് യുവകലാസാഹിതി നടത്തിയ സാംസ്കാരിക കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഊരിപ്പിടിച്ച കത്തികൾക്കു മുന്നിലൂടെ നടന്നുവെന്നു പറയുന്നത് വലിയ ധീരതയല്ല. ഇതൊക്കെ വെറും പൊങ്ങച്ചം പറച്ചിലാണ്. മകൻ നഷ്ടപ്പെട്ട അമ്മയുടെ വേദന കണ്ടിട്ടു മനസ്സിളകാത്തവർക്ക് കുരിശ് കണ്ടപ്പോൾ ഹാലിളകി. തിരഞ്ഞെടുപ്പായാൽ അരമനകളിൽ പോയി കുമ്പിട്ടു നിൽക്കുന്നവരായതിനാലാണ് മൂന്നാറിലെ വിഷയത്തിൽ സർക്കാർ ഭീരുത്വം കാട്ടുന്നത്. സംസ്കാര ശൂന്യരായ ഭരണകർത്താക്കളാണ് ഇന്നുള്ളതെന്ന്” അദ്ദേഹം പറഞ്ഞു.
“മൂന്നാർ വിഷയത്തിലുള്ള റവന്യൂ മന്ത്രിയുടെ ധീരമായ നിലപാടിനെ അഭിനന്ദിക്കുന്നു. വൻകിടക്കാർക്കെതിരെ ചെറുവിരൽ അനക്കാൻ പോലും സർക്കാരിനു സാധിക്കുന്നില്ല. ജനങ്ങൾക്കു വേണ്ടി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടതെന്നും, കരം കൊടുക്കുന്നവനു സർക്കാരിനെ വിമർശിക്കാൻ അവകാശമുണ്ടെന്നും” ജോയ് മാത്യു പറഞ്ഞു.
Post Your Comments