KeralaLatest NewsNews

സര്‍ക്കാര്‍ വിലക്കിന് പുല്ലുവില: തദ്ദേശ സ്ഥാപനങ്ങളുടെ ഒത്താശയോടെ കുഴല്‍കിണര്‍ നിര്‍മ്മാണം വ്യാപകമായി

പാലാ•സര്‍ക്കാര്‍ വിലക്ക് മറികടന്ന് കുഴല്‍കിണര്‍ കുഴിക്കുന്നത് വ്യാപകമാകുന്നു. സംസ്ഥാനത്ത് ഭൂഗര്‍ഭ ജലവിതാനം അപകടകരമായി കുറയുന്നുവെന്ന പഠന റിപ്പോര്‍ട്ടിതെന്നാണ് സ്വകാര്യവ്യക്തികളോ സ്ഥാപനങ്ങളോ മെയ്മാസം അവസാനംവരെ കുഴല്‍കിണര്‍ കുഴിക്കാന്‍ പാടില്ലെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

പ്രതിവര്‍ഷം ശരാശരി മൂന്നുമീറ്ററോളം ജലനിരപ്പ് താഴുന്നുണ്ടെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. മഴക്കുറവിന് പുറമേ അനിയന്ത്രിതമായ ചൂടും കൂടിയതോടെ സ്ഥിതി വഷളായെന്നു ഭൂജലവകുപ്പ് റവന്യൂവകുപ്പിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. ജലചൂഷണം തടയാന്‍ കര്‍ശന നടപടിക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളത്. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍ന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമാണെങ്കിലും കുഴല്‍കിണര്‍ നിര്‍മ്മാണം തകൃതിയായി ജില്ലയില്‍ നടക്കുന്നുണ്ടെന്നു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ആരോപിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശുപാര്‍ശയില്‍ ഭൂഗര്‍ഭജല വകുപ് ഇപ്പോഴും വ്യാപകമായി കുഴല്‍കിണര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നുണ്ടെന്നും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഫൗണ്ടേഷന്‍ കുറപ്പെടുത്തി. ദിനംപ്രതി നൂറുകണക്കിന് അപേക്ഷയാണ് കുഴല്‍കിണര്‍ കുഴിക്കാന്‍ ലഭിക്കുന്നത്. സര്‍വ്വേ പോലും നടത്താതെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കത്തിന്റെ ബലത്തിലാണ് ഇപ്പോള്‍ അനുമതി നല്‍കുന്നത്. സ്വകാര്യ കമ്പനികള്‍ തമിഴ്‌നാട്ടുകാരെ ഉപയോഗിച്ചാണ് വ്യാപകമായി കുഴല്‍കിണര്‍ നിര്‍മ്മാണം നടത്തുന്നത്. കുത്തുന്നവയില്‍ ഇരുപതുശതമാനത്തില്‍പോലും വെള്ളം കിട്ടാത്ത അവസ്ഥയും നിലവിലുണ്ട്. ശബ്ദം, പൊടി മലിനീകരണത്തോടെ രാത്രികാലങ്ങളിലാണ് പലയിടത്തും കുഴല്‍കിണര്‍ കുഴിക്കുന്നത്. രാത്രി പത്തിനുശേഷം ശബ്ദകോലാഹലങ്ങള്‍ പാടില്ലെന്ന നിയമം പരസ്യമായി കാറ്റില്‍ പറത്തിയാണ് ഈ നിയമലംഘനങ്ങള്‍ നടക്കുന്നത്.

നിയമം കര്‍ശനമായി പാലിക്കാര്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന് ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. നിരോധനകാലയളവില്‍ നല്‍കിയ അനുമതി മുന്‍കാല പ്രാബല്യത്തില്‍ റദ്ദാക്കണം. നിരോധനം മറികടന്ന് കുഴല്‍കിണര്‍ കുത്തിയവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കണം. ഇതിനുകൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം. സ്വകാര്യ ബോര്‍വെല്‍ യൂണിറ്റുകള്‍ കണ്ടുകെട്ടി പിഴ ഈടാക്കണം. ഭൂഗര്‍ഭ ജലവുമായി യാതൊരു ബന്ധവുമില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്തടിസ്ഥാനത്തിലാണ് അനുമതി നല്‍കുന്നതെന്നു കണ്ടെത്തണം. അടിയന്തിര നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവര്‍ക്ക് ഫൗണ്ടേഷന്‍ പരാതി നല്‍കി.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ് അധ്യക്ഷത വഹിച്ചു. ബിനു പെരുമന, സാംജി പഴേപറമ്പില്‍, റഹിം ഒലവക്കോട്, സോണി ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button