
ന്യൂഡല്‍ഹി: ചികിത്സാ ചെലവ് അടയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ രോഗികളെ തടഞ്ഞുവയ്ക്കാന്‍ ആശുപത്രികള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. മധ്യപ്രദേശിലെ മുന്‍ പോലീസുകാരനായ തന്റെ പിതാവിനെ ഡിസ്ചാര്‍ജ് ചെയ്യാതെ ആശുപത്രി അധികൃതര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന മകന്റെ ഹേബിയസ് കോര്‍പസ് പരാതിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്.
പരാതിക്കാരന്റെ പിതാവിനെ ഡിസ്ചാര്‍ജ് സമ്മറി വേഗം തയാറാക്കി മകനൊപ്പം പറഞ്ഞയക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. രോഗികളെ തടഞ്ഞുവയ്ക്കുന്ന ആശുപത്രി അധികൃതരുടെ നടപടിയെ അപലപിച്ച കോടതി, ബില്‍ അടച്ചില്ലെങ്കിലും രോഗിയെ പറഞ്ഞയക്കണമെന്ന് ഉത്തരവിട്ടു. ഏതുസാഹചര്യത്തിലായാലും രോഗിയെ തടഞ്ഞുവയ്ക്കാന്‍ ആശുപത്രികള്‍ക്ക് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഉദരരോഗത്തെ തുടര്‍ന്നാണ് പരാതിക്കാരന്റെ പിതാവും മുന്‍ പോലീസുകാരനുമായ ആളെ ഫെബ്രുവരി മാസത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയുടെ ഭാഗമായി ഇയാള്‍ക്ക് ശസ്ത്രക്രിയയും നടത്തിയിരുന്നു. 13.45 ലക്ഷം രൂപയാണ് ആശുപത്രി നല്‍കിയ ചികിത്സാ ബില്‍. ബില്‍ അടയ്ക്കാത്തതിനാല്‍ പിതാവിന് ആവശ്യമായ ചികിത്സ ആശുപത്രി നല്‍കിയിരുന്നില്ലെന്നും മകന്‍ ആരോപിച്ചിരുന്നു.
എന്നാല്‍ മകന്റെ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ കോടതിയില്‍ നിഷേധിച്ചു. 16.75 ലക്ഷം രൂപയാണ് ചികിത്സാ ബില്‍. ഇതില്‍ 3.3 ലക്ഷം രൂപയാണ് രോഗിയുടെ ബന്ധുക്കള്‍ അടച്ചത്. ബില്‍ അടയ്ക്കാതിരുന്നിട്ടും ഏപ്രില്‍ 21ന് രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വാദിച്ചു. എന്നാല്‍ ഏപ്രില്‍ 20ന് പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ് ശസ്ത്രക്രിയ നടത്താന്‍ ആശുപത്രി തയ്യാറായതെന്ന് രോഗിയുടെ മകന്‍ കോടതിയില്‍ വിശദീകരിച്ചു.
Post Your Comments