ന്യൂസ് സ്റ്റോറി :
ന്യൂഡൽഹി: തുടർച്ചയായുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ പ്രതിശ്ചായ നഷ്ടപ്പെട്ട് കെജ്രിവാളും ആം ആദ്മി പാർട്ടിയും. കോൺഗ്രസിന്റെ അഴിമതി മൂലം രാജ്യം പൊറുതി മുട്ടിയപ്പോൾ അഴിമതി വിരുദ്ധ സമര നായകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ കൊണ്ട് വന്ന അഴിമതി വിരുദ്ധ പ്രക്ഷോഭത്തിലൂടെയാണ് അരവിന്ദ് കെജ്രിവാൾ എത്തിയത്. പിന്നീട് അഴിമതിക്കെതിരെ പോരാടുന്നതിനു വേണ്ടി സ്വന്തം രാഷ്ട്രീയ പാർട്ടിയുണ്ടാക്കി കെജ്രിവാൾ രാഷ്ട്രീയത്തിലെത്തി. രാജ്യത്തെ അഴിമതി കണ്ടു മടുത്ത ജനം ആയിരുന്നു ആപ്പിന്റെ ശക്തി. രണ്ടുകയ്യും നീട്ടി ആപ്പിനെ ഡൽഹി ജനത സ്വീകരിച്ചു.
അഴിമതിയില്ലാത്ത ഇന്ത്യ എന്ന മുദ്രാവാക്യവുമായി അരവിന്ദ് കെജ്രിവാള് ആ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തുകയും കോൺഗ്രസിന്റെ പിന്തുണയോടെ ഭരണത്തിലേറുകയും ചെയ്തു. കോൺഗ്രസിന്റെ അഴിമതിക്കെതിരെ ജയിച്ചു വന്ന പാർട്ടി കോൺഗ്രസിന്റെ പിന്തുണയോടെ ഭരണത്തിലേറിയപ്പോൾ തന്നെ ജനങ്ങൾക്ക് കെജ്രിവാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.വളരെ കുറഞ്ഞ നാളുകൾക്കുള്ളിൽ ലോകസഭാ ഇലക്ഷൻ വരികയും ആം ആദ്മി പഞ്ചാബിൽ നല്ല പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. എന്നാൽ ബിജെപി മോഡി എന്ന ഭരണ അതികായകനെ മുന്നിൽ നിർത്തി ഇലക്ഷൻ ജയിച്ചു വന്നു അധികാരത്തിലേറി.
പിന്നീട് കെജ്രിവാളിന്റെ മുഖ്യ എതിരാളി പ്രധാനമന്ത്രി മോദിയും ബിജെപിയുമായി. അഴിമതിയും അതിനെതിരെയുള്ള പോരാട്ടങ്ങളും കെജ്രിവാൾ പാടെ മറന്നു. ലോക സഭ തെരഞ്ഞെടുപ്പിൽ മോദിക്കെതിരെ മുഖ്യമന്ത്രിയായ കെജ്രിവാൾ വാരണാസിയിൽ മത്സരിച്ചതോടെ ലോക ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. എന്നാല്‍ ഒരു പാര്‍ട്ടി എന്ന രീതിയില്‍ ഒരാള്‍ക്കൂട്ടം വളര്‍ന്നു വന്നിട്ടും ബാലാരിഷ്ടതകള്‍ മാറാതെ ആണ് ആപ്പ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.രാഹുല്‍ – മോഡി – കേജ്രിവാള് എന്ന ത്രികോണ സമവാക്യം വരെ ഉയർത്തിക്കാട്ടി പലരും. ഡൽഹിയിൽ രാജിവെച്ചു വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ട് ആം ആദ്മി അധികാരത്തിലേറി. എന്നാൽ പലപ്പോഴും യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് പുലിവാൽ പിടിച്ചു.
പക്ഷെ പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ ഒരു പരിധി വരെ ആപ്പിന്റെ ആരോപണങ്ങൾ ബിജെപിക്കെതിരെ ഫലം ചെയ്തു.ബീഹാറിലും മറ്റും അത് പ്രയോജനം ചെയ്യുകയും ചെയ്തു. പല ന്യൂനപക്ഷ ആക്രമണങ്ങളും മോഡി സർക്കാരിനെതിരെ തിരിച്ചു വിടാനും കെജ്രിവാളിന് കഴിഞ്ഞു. എന്നാൽ അധികാരത്തിലെത്തി രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആപ്പിനെ ജനങ്ങള്‍ക്ക് മടുത്തുവെന്നതാണ് യാഥാർഥ്യം. വാഗ്ദാനങ്ങൾ പലതും പാലിക്കാനായില്ലെന്നു മാത്രമല്ല, എന്തിനും ഏതിനും മോദിയെ കുറ്റപ്പെടുത്തുന്ന പ്രവണതയും കെജ്രിവാളിന് ഉണ്ടായി.ബിജെപിയെ ശത്രുവായി പ്രഖ്യാപിച്ച് കാലോചിതമായ രാഷ്ട്രീയ പരിവർത്തനത്തിന് അദ്ദേഹം ആപ്പിനെ ഉപയോഗിച്ചു.
പ്രധാനമന്ത്രി പദമായിരുന്നു മോഹം. അതിനായി പല പ്രാദേശിക പാർട്ടിയുമായും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം കെജ്രിവാളിന്റെ പ്രധാനമന്ത്രി മോഹത്തിനേറ്റ കനത്ത തിരിച്ചടിയാണ്. പഞ്ചാബ് ഗോവ തുടങ്ങിയ സ്ഥലങ്ങളിലെ തോൽവിയും കെജ്രിവാളിന് തിരിച്ചടിയായി.ഡൽഹി സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മന്ത്രിമാരുടെ സ്ത്രീ വിഷയ കേസുകളും ഭരണരംഗത്ത് വാഗ്ദാനങ്ങൾ പലതും പാലിക്കാൻ കഴിയാത്തതുമൊക്കെ കെജ്രിവാളിന് പ്രതിശ്ചായ നഷ്ടപ്പെടുത്തുകയായിരുന്നു.വരും നാളുകളിലും ആപ്പിന് കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Post Your Comments