ഇടുക്കി: മണി ‘നാടന്‍’ എങ്കില്‍ സഹോദരന് ലംബോധരനും കുടുംബവും കോടീശ്വരന്മാര്. മൂന്നാര്‍ ചിന്നക്കനാലിലടക്കം ഭൂമി കൈയേറ്റത്തിലുള്‍പ്പെടെ ലംബോധരന്റെ മകന് ലെജീഷിനു പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. കൂടാതെ രാജക്കാട് നിലവിലുള്ള പുലരി പ്ലാന്റേഷന് എന്ന സ്ഥാപനത്തിലെ ഡയറക്ടര്‍മാരായ ലെജീഷിനും മാതാവ് സരോജിനി ലംബോധരനും കോടികളുടെ ആസ്തി ഉണ്ടെന്ന് കാണിക്കുന്ന, സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭിച്ച രേഖകളില്‍ ഉള്‍പ്പെടുന്നു.
മണിയുടെ സഹോദരനായ ലംബോധരന് ഭൂമി കൈയേറ്റം നടത്തിയെന്നു നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ലംബോധരന്റെ മകന് സ്ഥലം കൈയേറിയതായുള്ള രേഖകളും പുറത്തുവരുന്നത്. 2010ല്‍ കലക്ടര്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ചിന്നക്കനാല്‍ വേണാട് താവളത്തില്‍ ലെജീഷ് ഭൂമി കൈയേറിയതായി റിപ്പോര്‍ട്ട് നല്‍കിയത്. 2007ല്‍ ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം അന്തിമഘട്ടത്തിലാണന്നും കാണിച്ചിട്ടുണ്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ടോ, കേസോ സംബന്ധിച്ച് തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഈ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും ഉണ്ടായില്ല.
ചിന്നക്കനാലില്‍ ലംബോധരന് ഉള്‍പ്പെടെയുള്ളവര്‍ ഭൂമി കൈയേറിയെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ ഇയാള്‍ കോടീശ്വരനെന്ന് വ്യക്തമാക്കികൊണ്ട് ഇദ്ദേഹം ഡയറക്ടറായ പുലരി പ്ലാന്റേഷന്‍സ് ഏലം ലേലകേന്ദ്രത്തിനായി നല്കിയ അപേക്ഷയില്‍ വ്യക്തമാകുന്നു.
അഞ്ചു ഡയറക്ടര്‍മാരുള്ള പുലരി പ്ലാന്റേഷന്‍സില്‍ അഞ്ചുകോടി രൂപ ലംബോധരന്റെ മകന് ലെജീഷിന് ആസ്തിയുള്ളതായി കാണിച്ചിരിക്കുന്നു. മാതാവ് സരോജനി ലംബോധരന് പത്തുകോടി രൂപയുടെ ആസ്തിയുള്ളതായും ഇതില്‍ പറയുന്നു. ബംഗളുരു ഫെഡറല്‍ ബാങ്കിലെ ബാങ്ക് ഗ്യാരന്റിയാണ് കാണിച്ചിരിക്കുന്നത്. കോഴിക്കോട്, എറണാകുളം, തിരുവാണിയൂര്‍ എന്നിവിടങ്ങളിലാണ് മറ്റ് പാര്‍ട്ണര്‍മാര്‍. കമ്പനിക്ക് ലേലകേന്ദ്രം ലഭിച്ചിട്ടില്ല.
സി.പി.എം. ഏരിയാ കമ്മിറ്റി അംഗമായിരുന്ന ലംബോധരനും മക്കളും കൃഷിക്കാരാണെന്ന് അറിയപ്പെടുന്നതിനിടെ ഇവരുടെ കുടുംബത്തിന്റെ ആസ്തികളെക്കുറിച്ച് നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആഢംബര കാറുകളും വീടും എങ്ങനെയുണ്ടായി എന്നതായിരുന്നു ചോദ്യം. ചിന്നക്കനാല്‍ ഭാഗത്ത് കൈയേറ്റം ഒഴിപ്പിക്കല്‍ ഉണ്ടാകുമ്പോള്‍ എതിര്‍പ്പുമായി സി.പി.എം. രംഗത്തെത്തുന്നത് ഇതുകൊണ്ടാണെന്ന് ആക്ഷേപമുണ്ടായിരുന്നു. വി.എസ്. സര്‍ക്കാരിന്റെ കാലത്ത് ചിന്നക്കനാലില്‍ കൈയേറ്റം ഒഴിപ്പിക്കുമ്പോഴായിരുന്നു വിവാദങ്ങള്‍ ഉടലെടുത്തത്.
Post Your Comments