തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ദമ്പതികളെയും മകളെയും മര്‍ദ്ദിച്ച കേസില്‍ ബ്ലേഡ് മാഫിയ തലവനെ പൊലീസ് അറസ്റ്റു ചെയ്തു. നെയ്യാറ്റിന്‍കര മണലുവിള സ്വദേശി വിമല്‍കുമാറാണ് പിടിയിലായത്. നെയ്യാറ്റിന്‍കര കവളാകുളം പനയറത്തല വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അനില്‍കുമാര്‍ (37), ഭാര്യ ശ്രീജ (33), മകള്‍ അനുശ്രീ (9) എന്നിവര്‍ക്കാണ് തിങ്കളാഴ്ച മര്‍ദ്ദനമേറ്റത്. ഇവര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ടിപ്പര്‍ലോറി ഡ്രൈവറായ അനില്‍കുമാര്‍ മാസങ്ങള്‍ക്ക് മുമ്പ് വിമല്‍കുമാറില്‍ നിന്ന് ആറു രൂപ പലിശയ്ക്ക് ഒരു ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. ഇതില്‍ 25000 രൂപയും പലിശയും തിരിച്ച് കൊടുത്തു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് മാസമായി പലിശ നല്‍കിയില്ല. തുടര്‍ന്ന് നിരവധി തവണ വീട്ടിലെത്തി വിമല്‍ പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ അനിലിന് കഴിഞ്ഞില്ല. ഇതിനിടെ കഴിഞ്ഞദിവസം വീട്ടിലെത്തിയ വിമല്‍ പണം നല്‍കണമെന്ന് നിര്‍ബന്ധം പിടിക്കുകയും അനില്‍കുമാറിന്റെ ഭാര്യയോട് മോശമായി സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് വിമല്‍കുമാറും അനില്‍കുമാറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും അനിലിനെ മര്‍ദ്ദിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യയ്ക്കും മകള്‍ക്കും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു.
Post Your Comments