ന്യൂഡല്‍ഹി: തിരുവനന്തപുരം ഉള്‍പ്പെടെ ആറു വിമാനത്താവളങ്ങളില്‍കൂടി യാത്രികരുടെ ഹാന്‍ഡ് ബാഗേജില്‍ സെക്യൂരിറ്റി ടാഗ് കെട്ടുന്നത് അവസാനിപ്പിക്കുന്നു. സി.ഐ.എസ്.എഫ്. (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്) തിങ്കളാഴ്ച മുതല്‍ ഞായറാഴ്ചവരെ ഒരാഴ്ച തിരുവനന്തപുരം, ചെന്നൈ, പട്‌ന, ഗുവാഹാട്ടി, ജെയ്പുര്‍, ലഖ്‌നൗ എന്നീ വിമാനത്താവളങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടാഗ് ഫ്രീ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഗുണ-ദോഷങ്ങള്‍ വിശകലനം ചെയ്ത ശേഷമായിരിക്കും ഈ വിമാനത്താവളങ്ങളില്‍ ടാഗ് ഫ്രീ സംവിധാനം നടപ്പാക്കുക.
കൊച്ചി, ഡല്‍ഹി, മുബൈ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ് തുടങ്ങി രാജ്യത്തെ ഏഴു വിമാനത്താവളങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ ടാഗ് ഫ്രീയായി പ്രഖ്യാപിച്ചിരുന്നു. ബോര്‍ഡിങ് പാസ് എടുക്കാന്‍ കൗണ്ടറിലെത്തുമ്പോഴാണ് യാത്രികര്‍ക്ക് ഹാന്‍ഡ് ബാഗേജില്‍ കെട്ടുന്നതിനുള്ള ടാഗ് നല്‍കുന്നത്. സി.ഐ.എസ്.എഫുകാര്‍ ബാഗേജ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം സീല്‍ പതിച്ചു നല്‍കുന്ന ടാഗാണ് യാത്രികര്‍ ഹാന്‍ഡ് ബാഗേജില്‍ കെട്ടേണ്ടത്. സമയം പാഴാകുന്ന ഈ സംവിധാനത്തിനെതിരെ നിരവധി യാത്രികര്‍ പരാതി നല്‍കിയിരുന്നു.
Post Your Comments