കോട്ടയം: സംസ്ഥാനമൊട്ടാകെ എം.എം.മണിയ്ക്കെതിരെ വിമര്‍ശനം ആഞ്ഞടിയ്ക്കുമ്പോള്‍ മണിയ്ക്കെതിരെയുള്ള മഞ്ജു വാര്യരുടെ രൂക്ഷവിമര്‍ശനം ശ്രദ്ധേയമാകുന്നു.
പൊമ്പിള ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച മന്ത്രി എം.എം.മണിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നടി മഞ്ജു വാര്യര്‍ രംഗത്ത്. സ്ത്രീകള്‍ക്കെതിരേ എന്തും പറയാമെന്ന രീതി ഉത്തരവാദിത്വ സ്ഥാനത്തിരിക്കുന്ന ഒരു മന്ത്രി നടത്തുമ്പോള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് അത് നല്‍കുന്നതെന്ന് മഞ്ജു ചോദിക്കുന്നു. ഫേസ്ബുക്കിലാണ് മഞ്ജുവിന്റെ വിമര്‍ശനം വന്നിരിക്കുന്നത്.
പൊമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ മന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നത്. രാജ്യം ശ്രദ്ധിക്കുകയും ഒരുപാട് പേര്‍ ഒപ്പം നില്‍ക്കുകയും ചെയ്ത പോരാട്ടമായിരുന്നു അവരുടേത്. അതിനെ ഏറ്റവും തരംതാഴ്ന്ന രീതിയില്‍ പരിഹസിച്ചതിലൂടെയും പ്രവര്‍ത്തകരെ സ്വഭാവഹത്യ നടത്തിയതിലൂടെയും മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവര്‍ന്നു നില്‍കാന്‍ ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയുമാണ്. ഒരുപാട് ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും എന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ മന്ത്രിക്ക് എങ്ങനെയിങ്ങനെ പറയാന്‍ കഴിയുന്നു എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും മഞ്ജു പറയുന്നു. –
Post Your Comments