പഠനയാത്രയ്ക്ക് എത്തിയ പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവം. ദക്ഷിണാഫ്രിക്കയിലെത്തിയ മക്കാവുകാരി പെഗ്ഗി ലിയോ എന്ന 17കാരിയ്ക്ക് സ്റ്റുഡന്റ് എക്സ്ചേഞ്ച് പരിപാടിയില്‍ പങ്കെടുക്കവേയാണ് അപകടം സംഭവിച്ചത്. വന്യജീവി പാര്‍ക്കു സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഡ്യൂ എന്നു പേരുള്ള ചീറ്റ പെഗ്ഗി ലിയോയെ ആക്രമിക്കുകയായിരുന്നു. മനുഷ്യരുമായി ഇണങ്ങിയ ഡ്യൂവിന്റെ സമീപത്തു നില്‍ക്കുകയായിരുന്നു പെഗ്ഗി ലിയോ. പാര്‍ക്കിലെ ജീവനക്കാരനും ഒപ്പമുണ്ടായിരുന്നു. ഇതിനിടെയിലാണ് ഡ്യൂ പെഗ്ഗി ലിയോയുടെ കഴുത്തു ലക്ഷ്യമാക്കി കടിക്കാനായി ചാടിയത്.
ഇങ്ങനെ സംഭവിക്കുമെന്ന് പെഗ്ഗി പോലും വിചാരിച്ചില്ല. കരഞ്ഞുകൊണ്ടു നിലത്തു വീണ പെഗ്ഗി ലിയോയുടെ രക്ഷയ്ക്കായി ഉടന്‍തന്നെ പാര്‍ക്കിലെ ജീവനക്കാരനെത്തി. ജീവനക്കാരനു നേരെതിരിഞ്ഞു ചുരുണ്ടു കൂടി പെഗ്ഗി ലിയോ ഇരുന്നതിനാല്‍ സാരമായ പരിക്കുകള്‍ വിദ്യാര്ത്ഥിനിക്കേറ്റില്ല. പെട്ടെന്നു തന്നെ ചീറ്റപ്പുലിയെ ജീവനക്കാര്‍ ആക്രമണത്തില്‍ നിന്നു പിന്തിരിപ്പിക്കുകയും ചെയ്തു. വലിയ പരിക്കുകളേല്ക്കാത്തതിനാല് പെഗ്ഗി ലിയോയ്ക്ക് ചികിത്സയൊന്നും വേണ്ടി വന്നില്ല. അതേസമയം ഡ്യൂ എന്ന ചീറ്റപ്പുലി പിറ്റേന്നു പാര്‍ക്ക് സന്ദര്‍ശനത്തിനെത്തിയ 14 കാരനേയും ആക്രമിച്ചു. ഈ കുട്ടിയും നിസാര പരിക്കുകളോടെ രക്ഷപെട്ടുവെന്നാണ് റിപ്പോര്‍ട്ട്. തര്ക്കാലത്തേക്ക് സന്ദര്‍ശകര്‍ക്ക് മുന്നില്‍ ഇനി ഡ്യൂവിനെ പ്രദര്ശിപ്പിക്കേണ്ടെന്നാണു തീരുമാനം.
Post Your Comments