ന്യൂഡൽഹി: ബ്രെക്സിറ്റിനെ തുടർന്ന് പൗണ്ട് സ്റ്റെർലിംഗ് നേരിട്ട മൂല്യത്തകർച്ച ഇന്ത്യയിൽ ബ്രിട്ടീഷ് നിർമ്മിത കാറുകളുടെ വില കുത്തനെ കുറയാൻ വഴിയൊരുക്കി. ബ്രെക്സിറ്റിനു ശേഷം രൂപയ്ക്കെതിരെ 20 ശതമാനം വരെ നഷ്ടമാണ് ഇതിനകം പൗണ്ട് കുറിച്ചിട്ടത്. കഴിഞ്ഞ 18 മാസത്തിനിടെ പൗണ്ടിന്റെ മൂല്യം രൂപയ്ക്കെതിരെ 101 രൂപയിലേക്ക് 81 രൂപയിലേക്ക് കൂപ്പുകുത്തി.
ഈ മൂല്യത്തകർച്ചയുടെ ആനുകൂല്യം ബ്രിട്ടീഷ് സൂപ്പർ ലക്ഷ്വറി കാർ നിർമ്മാണ കമ്പനികൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൈമാറാൻ തീരുമാനിച്ചതാണ് വില കുറയാൻ സഹായകമായത്.
അഞ്ച് ശതമാനം മുതൽ 15 ശതമാനം വരെ വിലക്കുറവാണ് കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. റേഞ്ച് റോവർ സ്പോർട്ടിന്റെ വില 1.35 കോടി രൂപയിൽ നിന്ന് 1.04 കോടി രൂപയായി കുറഞ്ഞപ്പോൾ, റേഞ്ച് റോവർ വോഗിന്റെ വില 1.97 കോടി രൂപയിൽ നിന്ന് കുറഞ്ഞ് 1.56 കോടി രൂപയായി. 3.9 കോടി രൂപയിൽ നിന്ന് 3.6 കോടി രൂപയിലേക്കാണ് ഫെരാരി 488ന്റെ വില താഴ്ന്നത്.
ആസ്റ്രൺ മാർട്ടിൻ ഡിബി 11ന്റെ വില 4.27 കോടി രൂപയിൽ നിന്ന് 4.06 കോടി രൂപയിലേക്കും കുറഞ്ഞു. റോൾസ് – റോയ്സ് ഫാന്റത്തിന് പുതുക്കിയ വില 7.8 – 8 കോടി രൂപയാണ്. നേരത്തേയിത് ഒമ്പത് കോടി രൂപയായിരുന്നു. റോൾസ് – റോയ്സ് ഗോസ്റ്രിന്റെ വില 5.25 കോടി രൂപയിൽ നിന്ന് 4.75 കോടി രൂപയിലേക്കും കുറഞ്ഞിട്ടുണ്ട്.
Post Your Comments