ഗ്വാളിയോര്‍•കേരള എക്സ്പ്രസില്‍ മലയാളികളെ കബളിപ്പിച്ച് മുന്നേറിയ ഉത്തരേന്ത്യന്‍ യുവാവിന് മഹിളാ മോര്‍ച്ചാ നേതാവ് നല്‍കിയത് എട്ടിന്റെ പണി !. അടൂര്‍ സ്വദേശിയും മഹിളാ മോര്‍ച്ച കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റുമായ രഞ്ജിനി ജഗന്നാഥന്‍ ആണ് മലയാളികളെ പറ്റിക്കുന്നത് സ്ഥിരം പരിപാടിയാക്കിയ വിരുതനെ കയ്യോടെ പിടി കൂടിയത്. അതും ഒറ്റക്ക്, തനിക്ക് ഉണ്ടായ അനുഭവം അവര്‍ ഫേസ്ബുക്കിലൂടെ വിവരിക്കുകയും ചെയ്തു. ചെറുതായാലും വലുതായാലും ഇത്തരം കബളിപ്പിക്കലുകള്‍ക്കെതിരെ മലയാളികള്‍ പ്രതികരിക്കണമെന്ന ആഹ്വാനവും അവര്‍ നല്‍കി.
രഞ്ജിനി ജഗന്നാഥന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
പറ്റിക്കാൻ ശ്രമിച്ചാൽ അടി കൊടുക്കണം…. ആ സ്പോട്ടില്‍ തന്നെ !!!
ഇന്ത്യൻ റയിൽവേയുടെ ചരിത്രത്തോളം പഴക്കമുണ്ട് ട്രയിൻ യാത്രയിൽ മലയാളികൾ പറ്റിക്കപ്പെടുന്നതിനും !ഏതാണ്ട് രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പ് വരെ കൊള്ളയടിക്കപ്പെട്ടവരുടെ കഥങ്ങൾ വർത്തമാന പത്രങ്ങളിൽ നിറഞ്ഞിരുന്നു. കാലം കഴിഞ്ഞപ്പോൾ കൊള്ളക്ക് പരിഹാരം ഉണ്ടായെങ്കിലും ‘പറ്റിക്കപ്പെടലിന് ‘ ഇരയാകുന്നവരുടെ എണ്ണത്തിന് ഒരു മാറ്റവും ഉണ്ടായില്ലെന്ന് മനസിലാക്കാം… ഇന്ത്യൻ റയിൽവേ ആധുനിക വത്കരിക്കപ്പെടുമ്പോഴും ഇത്തരം ‘പ്രാകൃതമായ’ പറ്റിക്കലുകൾ നിർബാധം തുടരുകയാണെന്ന് വേദനയോടെ പറയട്ടേ….ഇന്ന് എനിക്ക് ഉണ്ടായ ഒരു അനുഭവം പങ്കുവെക്കാം. സമയം രാവിലെ 8 മണി. കേരള എക്സ്പ്രസ് ഗ്വാളിയാർ സ്റ്റേഷൻ പിന്നിട്ടു കാണും.
ഒരു ഉത്തരേന്ത്യക്കാരൻ എടുത്താൽ പൊങ്ങാത്തതുപോലെ, മലയാള പത്രങ്ങളും മാസികകളുമായി ട്രയിനിൽ കയറി. മലയാള മനോരമ, മാതൃഭൂമി, വനിത, എല്ലാം കയ്യിലുണ്ട്. വായു ഗുളികക്ക് പോകുന്ന ധൃതിയായിരുന്നു അയാൾക്ക്. പത്രം കണ്ടതോടെ മലയാളികൾ സടകുടഞ്ഞ് ഇണീറ്റു. നെറ്റ് കണക്ടാകാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് മൂന്നാർ ‘പൊളിച്ചടുക്കലിന്റെ ‘ ബാക്കി എങ്ങനെയെന്ന് പലരും അറിഞ്ഞിട്ടുമില്ല. പത്രം വാങ്ങുന്നവരാകട്ടേ നൽകുന്നത് 10 രൂപ. ആർക്കും ബാക്കി 3.50 രൂപ ഇല്ല. ചോദിച്ചാൽ ഹിന്ദിയിൽ നല്ല തെറിവിളിയും ! ‘കാര്യം പറഞ്ഞു നിൽക്കാൻ അയാൾക്ക് സമയം ഇല്ലത്രേ…’ എന്ന ആക്രോശവും….!
പത്രം നോക്കുമ്പോഴാണ് അടുത്ത അബദ്ധം മനസിലാകുന്നത്. എല്ലാവർക്കും നൽകിയത് തലേന്നത്തെ പത്രം. അതും മൂന്നര രൂപ കൂടുതൽ വാങ്ങിയും !ചെറുതായാലും വലുതായാലും പറ്റിക്കപ്പെട്ടത് പറ്റിക്കപ്പെട്ടത് തന്നെയാണ്. പക്ഷേ, ആരും പ്രതികരിക്കാൻ തയ്യാറാകാത്തത് എന്നെ ഏറെ വിഷമിച്ചു. എന്തായാലും ഇതിന് ഒരു പണി കൊടുക്കണം എന്ന് മനസിൽ ഉറപ്പിച്ചു. അയാളെ തിരക്കി അടുത്ത കമ്പാർട്ട്മെന്റിലേക്ക് വച്ചടിച്ചു. അവിടെയും അയാൾ മലയാളികളെ പറ്റിക്കുകയാണ്. അതും പ്രസവ വേദനയുടെ വെപ്രാളത്തിൽ…. കണ്ടു, കാര്യം പറഞ്ഞു. കേൾക്കുന്ന ലക്ഷണം ഇല്ല. പോരാത്തതിന് തെറിയും. എന്റെ കാശ് വാങ്ങിച്ചിട്ട് എന്നെ തെറിവിളിക്കുന്നോ…? കൊടുത്തു, ചെകിട് നോക്കി ഒരെണ്ണം…! പത്രം തിരിച്ച് കൊടുത്തിട്ട് കാശും മടക്കി വാങ്ങി. അപ്പോഴേക്കും സഹയാത്രികരുടെ സ്നേഹവും ഉണർന്നു…. ‘ഇത് ഞങ്ങളും വിചാരിച്ചതാണെന്ന്’…. ഹോ…!
പ്രിയ സഹോദരങ്ങളേ, വിചാരിച്ചാൽ പോരാ ചെയ്യണം….
7 രൂപയുടെ കാപ്പിക്കും ചായക്കും വാങ്ങുന്നത് 10 രൂപ , 15 രൂപയുടെ കുടിവെള്ളത്തിന് 20 രൂപ. പറയാനാണെങ്കിൽ ഒരു പാടുണ്ട്. പ്രതികരിച്ചു പോകും പലപ്പോഴും…. ഇതുകൂടാതെയാണ് പുറത്ത് നിന്ന് വരുന്ന ഇത്തരം കച്ചവടക്കാരുടെ കോപ്രായങ്ങളും. കഴിയുന്ന രീതിയിൽ ഇതിനൊക്കെ എതിരെ പ്രതികരിച്ചേ മതിയാകൂ…
-രഞ്ജിനി ജഗന്നാഥൻ
Post Your Comments