ന്യൂഡല്‍ഹി: രാജ്യത്തു നിന്നും കള്ളപ്പണം തുടച്ചുനീക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ വീണ്ടും ത്വരിതഗതിയിലായി. ഇതിന്റെ ഭാഗമായി ദീര്‍ഘകാലമായി ബിസിനസ് പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലാത്ത രണ്ടു ലക്ഷത്തോളം കമ്പനികളുടെ രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നതിന് ചില കമ്പനികളെ ഉപയോഗപ്പെടുത്തുന്നതായി ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഇതുസംബന്ധിച്ച് രണ്ടു ലക്ഷത്തോളം കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
രണ്ടു വര്‍ഷമായി വ്യാപാരം നടത്താതിരിക്കുകയും, നിഷ്‌ക്രിയ പദവിക്കായി അപേക്ഷ നല്‍കാതിരിക്കുകയും ചെയ്തിട്ടുള്ള കമ്പനികള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കമ്പനീസ് ആക്ട് 2013ലെ ചട്ടം 248 പ്രകാരമാണ് നോട്ടീസ്. ബിസിനസ് നടത്താതിരിക്കുന്നതിനുള്ള കാരണങ്ങള്‍ 30 ദിവസത്തിനകം കമ്പനികള്‍ വ്യക്തമാക്കണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ റജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നാണ് അറിയിപ്പ്. മുംബൈയില്‍ 71,000 കമ്പനികള്‍ക്കും ഡല്‍ഹിയില്‍ 53,000 സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.
Post Your Comments