Latest NewsIndiaNewsTechnology

ഊർജത്തിന്റെ പുതുവഴികൾ തേടി ചരിത്രം സൃഷ്ടിക്കാന്‍ ഇന്ത്യ ചന്ദ്രനിലേക്കു കുതിക്കാനൊരുങ്ങുന്നു : റിപ്പോർട്ട്

രാജ്യത്ത് വർധിച്ച് വരുന്ന ഊർജ ആവശ്യങ്ങൾ തദ്ദേശീയമായി പൂർത്തീകരിക്കുവാൻ സാധിക്കാത്ത അവസ്ഥയാണ് ഇന്ന് ഇന്ത്യയ്ക്കുള്ളത്. തൽഫലമായി ആവശ്യമുള്ള ഊർജത്തിന്റെ നല്ലൊരു ഭാഗവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇപ്പോഴിതാ ഊർജ സാധ്യതകൾ തേടി ഇന്ത്യ ചന്ദ്രനിലേക്കും കുതിക്കാനൊരുങ്ങുകയാണ്. ചന്ദ്രനിലെ പൊടിപടലങ്ങൾക്കായി ചന്ദ്രനിൽ ഖനനം നടത്തി അതിൽ നിന്നും ഇന്ധനം ഇവിടേക്ക് കൊണ്ടു വരുന്ന നൂതന ദൗത്യത്തിന് ഇന്ത്യ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഐഎസ്ആർഒ ആണിതിന് നേതൃത്വമേകുന്നത്. ഈ നീക്കത്തെ അത്യന്തം പ്രാധാന്യത്തോടെയാണ് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 
ചൊവ്വയിൽ ഉപഗ്രഹം എത്തിച്ച ഇന്ത്യയ്ക്ക് ഈ വിപ്ലവകരമായ പദ്ധതിയും വിജയിപ്പിക്കാനാവുമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങളടക്കം ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്. ചന്ദ്രനിലെ ഹീലിയം-3യാൽ സമൃദ്ധമായ പൊടികൾ ഖനനം ചെയ്തെടുത്ത് അതിൽ നിന്നും ഊർജം ഉൽപാദിപ്പിച്ച് ഭൂമിയിലേക്ക് കൊണ്ടു വരുന്ന പദ്ധതിക്കാണ് ഇന്ത്യ രംഗത്തിറങ്ങിയിരിക്കുന്നത്. ഐഎസ് ആർഒയുടെ ഇത്തരത്തിലുള്ള മൂൺ മൈനിങ് പദ്ധതികളെക്കുറിച്ച് വിശദീകരിച്ച് സ്പേസ് ഏജൻസിയിലെ ഡോ. ശിവതാണു പിള്ള മുന്നോട്ട് വന്നിട്ടുണ്ട്.
 
ചന്ദ്രനിൽ ഇത്തരത്തിൽ ഖനനം നടത്തുന്നത് ഐഎസ്ആർഒ മുൻഗണനയേകുന്ന പദ്ധതിയാണെന്നാണ് ന്യൂഡൽഹിയിൽ വച്ച് നടന്ന ഒരു കോൺഫറൻസിനിടെ പിള്ള വിശദീകരിച്ചിരിക്കുന്നത്. ബ്രഹ്മോസ് എയറോസ്പേസിന്റെ മുൻ തലവനാണ് ഇദ്ദേഹം. കേന്ദ്ര ആണവോർജ്ജ വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിങ് മാർച്ച് 29ന് ഇതുമായി ബന്ധപ്പെട്ട വിശദീകരണം ലോക്സഭയിൽ നൽകിയിരുന്നു. ലി-ഇയോൺ ബാറ്ററികൾ നിർമ്മിക്കാൻ പര്യാപ്തമായ വിധത്തിൽ ഇന്ത്യയിലെ വ്യവസായങ്ങളെ മാറ്റാൻ തക്കവണ്ണം സാങ്കേതിക വിദ്യ വികസിച്ചിട്ടുണ്ടെന്നും സാങ്കേതിക വിദ്യയെ മാറ്റാൻ ബിഎച്ച്ഇഎൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
 
2022ഓടെ ഇറക്കുമതി ചെയ്യുന്ന ഹൈഡ്രോകാർബണുകളെ ആശ്രയിക്കുന്നത് 10 ശതമാനം പോയിന്റുകൾ കുറയ്ക്കുകയെന്ന ഇന്ത്യയുടെ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ചന്ദ്രനിലെ പൊടിഖനനത്തിനുള്ള പദ്ധതിയും തയ്യാറാക്കിയിരിക്കുന്നത്. ബ്രിക്സ് രാജ്യങ്ങളിൽപെടുന്ന മറ്റ് രാജ്യങ്ങളുടെ ഊർജ ആവശ്യങ്ങളെക്കാൾ ഇന്ത്യയുടെ എനർജി ഡിമാൻഡ് മറികടന്നുവെന്നാണ് ഏറ്റവും പുതിയ ബിപി എനർജി ഔട്ട് ലുക്ക് വെളിപ്പെടുത്തുന്നത്. ഐഎസ്ആർഒയുടെ ഈ പദ്ധതി വിജയിച്ചാൽ ഊർജവുമായി ബന്ധപ്പെട്ടുള്ള മലിനീകരണം കുറയ്ക്കാനും ഇന്ത്യയുടെ ഇന്ധന ഇറക്കുമതി കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ഊർജം ഇറക്കുമതി ചെയ്യുന്ന വകയിൽ ഇന്ത്യയ്ക്കുണ്ടാകുന്ന ചെലവിലും കുറവ് വരുത്താൻ ഇതിലൂടെ സാധിക്കുന്നതാണ്. നിലവിൽ ഈ വകയിൽ ചെലവാകുന്നത് 117 ബില്യൺ പൗണ്ടാണ്. 2030 ആകുമ്പോഴേക്കും അത് 234 ബില്യൺ പൗണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ തങ്ങൾക്കാവശ്യമുള്ള എണ്ണയുടെ 80 ശതമാനവും പ്രകൃതിവാതകത്തിന്റെ 18 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. 2015-16ൽ രാജ്യം 202 മില്യൺ ടൺ എണ്ണയാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. പുതിയ ചന്ദ്രപദ്ധതിയിലൂടെ ഇതെല്ലാം കുറയ്ക്കാനാകുമെന്ന പ്രതീക്ഷ ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button