ദുബായി: ക്ലീന്‍ സിഗരറ്റ് ബഡ്‌സ് ക്യാംപെയ്‌നിന്റെ ഭാഗമായി ദുബായിലെ വിവിധ നിരത്തുകളില്‍ നിന്ന് നീക്കം ചെയ്തത് ചാക്കുകണക്കിന് സിഗരറ്റ് കുറ്റികള്‍. ഷെയ്ക്ക് സെയ്ദ് റോഡ് വക്കില്‍ നിന്ന് ഒരുദിവസം കൊണ്ടു മാത്രം നീക്കിയത് 30 കിലോ സിഗരറ്റ് കുറ്റികളാണ്.
സ്വദേശികളും വിദേശികളുമായ ജനങ്ങളുടെ ഈ സിഗരറ്റ് വലിയേയും വലിച്ചുകഴിഞ്ഞ സിഗരറ്റ് കുറ്റികള്‍ പൊതുനിരത്തില്‍ വലിച്ചെറിയുന്ന ശീലത്തെയും കൂച്ചുവിലങ്ങിടാന്‍ തന്നെയാണ് അധികൃതരുടെ തീരുമാനം. റോഡ് വക്കിലും ബീച്ചുകളിലും പാര്‍ക്കുകളിലും സിഗരറ്റ് കുറ്റികള്‍ വലിച്ചെറിഞ്ഞാല്‍ 500 ദിര്‍ഹമാണ് പിഴ നല്‍കേണ്ടിവരുക.
അതേസമയം, സിഗരറ്റ് കുറ്റികള്‍ പരമ്പരാഗത രീതിയില്‍ നീക്കം ചെയ്യുന്നത് വളരെ ആയാസമേറിയതും സമയമെടുക്കുന്നതുമാണെന്നതിനാല്‍ ഇതിനായി പുതിയ ഉപകരണങ്ങള്‍ കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇത്തരത്തിലുള്ള 40 ഉപകരണങ്ങളാണ് എത്തിക്കുന്നത്. ഇതുപയോഗിച്ച് സിഗരറ്റ് കുറ്റികള്‍ മാത്രമല്ല, ചെറിയ ഏതു മലിനവസ്തുക്കളും നിരത്തില്‍ നിന്ന് അനായാസം പെറുക്കിയെടുക്കാനാകുമെന്ന് വേയ്‌സ്റ്റ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്‌പെഷ്യലൈസ്ഡ് ക്ലീനിംഗ് വിഭാഗം തലവന്‍ യാക്കൂബ് അലി അലി പറഞ്ഞു. തലവന്‍ റോഡ് വക്കുകള്‍, ട്രാഫിക് ലൈറ്റുകള്‍, മെട്രോ സ്‌റ്റേഷനുകള്‍, പുല്‍ത്തകിടികള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഇവ ഉപയോഗിച്ച് ചെറിയ ചവറുകള്‍ നീക്കം ചെയ്യും.
ജനങ്ങള്‍ മാലിന്യനിര്‍മാജന കാര്യത്തില്‍ അധികതരുമായി സഹകരിക്കണമെന്നും സിഗരറ്റ് കുറ്റികളടക്കമുള്ള മാലിന്യങ്ങള്‍ റോഡ് വക്കിലും പൊതുനിരത്തുകളിലും വലിച്ചെറിയുന്ന ശീലം ഉപേക്ഷിക്കണമെന്നും യാക്കൂബ് അലി അലി പറഞ്ഞു.
Post Your Comments