കൊച്ചി: ഖത്തര്‍ എയര്‍വെയ്സ് ഇന്ത്യയില്‍ നൂറു ശതമാനം വിദേശനിക്ഷേപത്തോടെ ആഭ്യന്തര വിമാനക്കമ്പനി ആരംഭിക്കാനൊരുങ്ങുകയാണ്. ഇതോടെ കമ്പനിയുടെ ആസ്ഥാനം എവിടെയാകണം എന്നത് സംബന്ധിച്ച് കമ്പനി ആശയകുഴപ്പത്തിലാണ്. ബെംഗളൂരു ആസ്ഥാനമാക്കാനാണ് ഖത്തര്‍ എയര്‍വെയ്സ് ആലോചിക്കുന്നതെന്നാണു സൂചന. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചു.
അതേസമയം ഖത്തര്‍ എയര്‍വെയ്സ് കമ്പനിയുടെ ആസ്ഥാനം കൊച്ചിയിലേയ്ക്ക് ആക്കണമെന്ന് ഒരു വിഭാഗവും നിര്‍ദേശിക്കുന്നുണ്ട്. ഖത്തറിലെ ആറര ലക്ഷം വരുന്ന ഇന്ത്യക്കാരില്‍ പകുതിയോളം മലയാളികളാണ്. ഇതാണ് കൊച്ചി ആസ്ഥാനമാക്കാന്‍ ഒരു വിഭാഗം നിര്‍ദേശിക്കുന്നത്. കമ്പനിയുടെ ആസ്ഥാനം കൊച്ചിയില്‍ ഉറപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും സിയാലും മുന്‍കൈ എടുക്കണമെന്ന് ഇവരുടെ ആവശ്യം.
നിലവില്‍ ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യയിലെ 13 നഗരങ്ങളിലേക്കാണു സര്‍വീസ് നടത്തുന്നത്. കേരളത്തിലെ മൂന്നു വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ ആറെണ്ണവും ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കാണ്.
തമിഴ്നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനക്കാരും ഖത്തറില്‍ ഏറെയുണ്ട്. ഈ സാഹചര്യത്തില്‍ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനും പിന്നീട് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കു സര്‍വീസ് വ്യാപിപ്പിക്കുകയാകും ലക്ഷ്യം.
ആസ്ഥാനം നിശ്ചിയിക്കാനായി ഖത്തര്‍ എയര്‍വെയ്സിന്റെ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിച്ച് അനുകൂലഘടകങ്ങള്‍ വിലയിരുത്തും.
ഇന്ത്യയില്‍ ആഭ്യന്തര വിമാനക്കമ്പനി ആരംഭിക്കാന്‍ അപേക്ഷ നല്‍കുമെന്ന് ഖത്തര്‍എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ചതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നൂറു ശതമാനം വിദേശനിക്ഷേപത്തോടെയുള്ള ഇന്ത്യന്‍ കമ്പനി വ്യോമയാന മേഖലയ്ക്ക് ഗുണകരമാകില്ലെന്ന വാദവുമായി ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികള്‍ ശക്തമായി രംഗത്തുണ്ട്. വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് (എഫ്ഐഎ) കേന്ദ്രസര്‍ക്കാരിനെ ഔദ്യോഗികമായി തന്നെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം വ്യോമയാന രംഗത്ത് മോദി സര്‍ക്കാര്‍ വരുത്തിയ നയംമാറ്റം നൂറു ശതമാനം വിദേശനിക്ഷേപത്തിന് അനുകൂലമാണെന്നാണു ഖത്തര്‍ എയര്‍വേയ്സിന്റെ നിലപാട്. ഖത്തര്‍ സര്‍ക്കാരിന്റെ നിക്ഷേപക വിഭാഗമായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (ക്യുഐഎ) യുടെ പങ്കാളിത്തത്തോടെ നൂറു വിമാനങ്ങളുമായി പുതിയ കമ്പനി തുടങ്ങാനാണു ഖത്തര്‍ എയര്‍വേയ്സിന്റെ നീക്കം. കമ്പനിയിലേക്കു പ്രഫഷനലുകളെ തിരഞ്ഞെടുക്കാന്‍ ഇന്ത്യയിലെ റിക്രൂട്ടിങ് സ്ഥാപനത്തെ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. മറ്റു വിമാനക്കമ്പനിയില്‍ ജോലി ചെയ്യുന്നവരും പഠനം കഴിഞ്ഞിറങ്ങിയവരും ഉള്‍പ്പെടെയുള്ള പ്രഫഷണലുകളെയാണു പുതിയ കമ്പനിയിലേക്കു തേടുന്നത്.
Post Your Comments