ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലായ ശശികലയെയും അടുത്ത ബന്ധുക്കളെയും പാര്‍ട്ടിയില്‍ നിന്ന് നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി ഇ.പളനിസ്വാമിയുടെ നേതൃത്തില്‍ ഒരു വിഭാഗം തീരുമാനിച്ചതോടെ തമിഴ്‌നാട്ടില്‍ ജയലളിതയുടെ പേരില്‍ ഒരു പാര്‍ട്ടി കൂടി രൂപീകരിക്കപ്പെടും.
ജയയുടെ തോഴിയും പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായ ശശികലയുടെ അനന്തിരവന്‍ ടി.ടി.വി.ദിനകരന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം ചേര്‍ന്ന 20 മന്ത്രിമാരുടെ യോഗത്തിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയെയും അവരുടെ അഭാവത്തില്‍ പാര്‍ട്ടി ചുമതല വഹിക്കുന്ന ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ദിനകരനെയും അടക്കമുള്ളവരെ പുറത്താക്കാന്‍ തീരുമാനിച്ചത്.
ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന ചെന്നൈ ആര്‍.കെ.നഗര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങവെയാണ് ശശികലയ്ക്ക് സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി വിധി എതിരായതും ബാംഗളൂര്‍ ജയിലില്‍ പോകേണ്ടിവന്നതും. ഇതോടെയാണ് തന്റെ അനന്തിരവന്‍ ദിനകരനെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കി ആര്‍.കെ.നഗറില്‍ മത്സരിപ്പിക്കാന്‍ ശശികല തീരുമാനിച്ചത്. എന്നാല്‍ പാര്‍ട്ടി ചിഹ്നായ രണ്ടിലയ്ക്കുവേണ്ടി മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം പക്ഷവും അവകാശവാദമുന്നയിച്ചതോടെ ചിഹ്നം തല്‍ക്കാലം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. പാര്‍ട്ടിയുടെ അവകാശമുന്നയിച്ച് വന്നതോടെ പാര്‍ട്ടിയുടെ പേര് എഡിഎംകെ -അമ്മ എന്ന് മാറ്റുകയും ചെയ്തിരുന്നു.
എഡിഎംകെ -അമ്മ വിഭാഗം സ്ഥാനാര്‍ത്ഥിയായി ഉപതെരഞ്ഞെടുപ്പില്‍ പത്രിക നല്‍കിയ ദിനകരനെതിരേ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കുന്നുവെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. മാത്രമല്ല, പാര്‍ട്ടിയുടെ രണ്ടില ചിഹ്നം തനിക്ക് അനുവദിച്ചുകിട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കാന്‍ ദിനകരന്‍ ചുമതലപ്പെടുത്തിയയാള്‍ പിടിയിലാകുകയും ചെയ്തിരുന്നു. ഇതിനകം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
ആദ്യം ശശികലയ്‌ക്കൊപ്പം നിന്നവര്‍ അവരെയും ബന്ധുക്കളെയും പുറത്താക്കാന്‍ തീരുമാനിച്ചതോടെ ജയലളിതയുടെ പേരില്‍ നാല് പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ രൂപപ്പെടുന്ന സാഹചര്യമാണുള്ളത്. നിലവില്‍ പഴയ എഐഎഡിഎംകെ നേതാക്കള്‍ നേതൃത്വം നല്‍കുന്ന എഡിഎംകെ -അമ്മ വിഭാഗം, പനീര്‍ശെല്‍വം പക്ഷം നേതൃത്വം നല്‍കുന്ന എഐഎഡിഎംകെ വിഭാഗം, ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ നേതൃത്വം നല്‍കുന്ന എം.ജി.ആര്‍.അമ്മ. ദീപ പേരാവി പാര്‍ട്ടി എന്നിവ കൂടാതെ പളനിസ്വാമി വിഭാഗം പുറത്താക്കിയ ദിനകരന്റെ നേതൃത്വത്തില്‍ ഒരു പാര്‍ട്ടികൂടി വരുകയാണ്.
മന്ത്രിമാരില്‍ എട്ടുപേരും എംഎല്‍എമാരില്‍ 22 പേരും ദിനകരനൊപ്പമുണ്ട്. ഇവരെ ഒപ്പം കൂട്ടി പുതിയ പാര്‍ട്ടി ഉണ്ടാക്കാനാണ് ശശികലയുടെയും ദിനകരന്റെയും നീക്കം. ഏതായാലും ആര്‍.കെ.നഗര്‍ ഉപതെരഞ്ഞെടുപ്പും അതിന്റെ ഫലവും വന്‍മാറ്റമായിരിക്കും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഉണ്ടാക്കുക.
Post Your Comments