Latest NewsNewsIndia

യാത്രകളെ ഒരു ആനന്ദാനുഭവമാക്കി മാറ്റി ‘ചില്ല്’ തീവണ്ടി ഓട്ടം തുടങ്ങി

വിശാഖപട്ടണം: റെയില്‍വേയുടെ പുതിയ കോച്ചുകള്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഫ്‌ളാഗ് ഓഫ് ചെയ്തു. ട്രെയിന്‍ യാത്രകളെ ഒരു ആനന്ദാനുഭവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവേ പുതിയ കോച്ചുകൾ അവതരിപ്പിച്ചത്. വിശാഖപട്ടണം-കിരാന്‍ഡുല്‍ യാത്രാ ട്രെയിനാണ് റെയില്‍വേ നവീകരണത്തിന്റെ ഭാഗമായി നിര്‍മിച്ച അത്യാധുനിക വിസ്താഡോം കോച്ചുകള്‍ ഘടിപ്പിച്ച് യാത്ര ആരംഭിച്ചത്.

റെയില്‍വേ ആവിഷ്‌കരിച്ച പുതിയ തരം കോച്ചുകൾ രാജ്യത്തെ ടൂറിസം മേഖലയ്ക്ക് പുതിയ സാധ്യതകള്‍ തുറന്നിടുന്നതാണെന്ന് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. വൈകാതെ രാജ്യത്തെ മറ്റു റൂട്ടുകളിലും ഇത്തരം കോച്ചുകള്‍ ഘടിപ്പിച്ച ട്രെയിനുകള്‍ ഓടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ചില്ലുമേല്‍ക്കൂരയും എല്‍.ഇ.ഡി സ്‌ക്രീനുകളും ജിപിഎസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അറിയിപ്പ് സംവിധാനവും ഉള്‍പ്പെടെയുള്ള വിസ്താഡോം കോച്ചുകള്‍ ഘടിപ്പിച്ച ആദ്യ തീവണ്ടി 128 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റൂട്ടിലാണ് ആദ്യഘട്ടത്തില്‍ ഓടുന്നത്.

കാഴ്ചയില്‍ ആരുടേയും മനം മയക്കുന്ന പുതിയ കോച്ചുകള്‍ക്കുള്ളില്‍ യാത്രക്കാര്‍ക്ക് സുഖകരമായ യാത്രാനുഭവം പകരുന്ന തരത്തിലുള്ള സീറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച ക്രമീകരിക്കാവുന്ന സീറ്റുകളാണ് ഇവ. പുറം കാഴ്ചകള്‍ പരമാവധി ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ജാലകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ വലിയ ചില്ലുകള്‍ പിടിപ്പിച്ച ജാലകങ്ങളാണ് വിസ്താഡോം കോച്ചുകളിലുള്ളത്.

ഒരു കോച്ചിന്റെ നിര്‍മാണ ചിലവ് 3.38 കോടിയാണ്. 40 സീറ്റാണ് ഒരു കോച്ചില്‍ ക്രമീകരിച്ചിരിക്കുന്നത്. 360 ഡിഗ്രിയില്‍ തിരിയുന്നതാണ് സീറ്റുകള്‍. വിനോദ സഞ്ചാരികളെ ഉദ്ദേശിച്ചാണ് വിസ്താഡോം കോച്ചുകള്‍ നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ ഇത്തരത്തിലുള്ള ഒരു കോച്ച് മാത്രമാണ് ട്രെയിനിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button