Latest NewsNewsIndia

ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നത് കേരളവും പശ്ചിമബംഗാളും : സി.പി.എമ്മിന്റെ പതനത്തിനായി ബി.ജെ.പി : കരുക്കള്‍ നീക്കുന്നത് അമിത് ഷായും യോഗി ആദിത്യനാഥും

ന്യൂഡല്‍ഹി : 2019 ലോക്സഭ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള തന്ത്രങ്ങള്‍ മെനയാനായി ഭൂവന്വേശ്വറില്‍ സംഘടിപ്പിച്ച ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം അവസാനിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് പുറമേ ബിജെപിക്ക് സ്വാധീനമില്ലാത്ത കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും അധികാരം പിടിക്കണമെന്നാണ് യോഗത്തിലെ തീരുമാനം

കേരളത്തിലും ബംഗാളിലും അധികാരത്തില്‍ വന്നാലേ ബിജെപിയുടെ സുവര്‍ണ്ണ കാലഘട്ടം വരികയുള്ളുവെന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് പുറമേ സിപിഎം ഭരിക്കുന്ന ത്രിപുരയിലും സ്വാധീനമുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. അടുത്ത വര്‍ഷം ത്രിപുരയില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കണമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.

ബിജെപിക്ക് സ്വാധീനമില്ലാത്ത കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളില്‍ നില മെച്ചപ്പെടുത്തണമെന്നാണ് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഉയര്‍ന്ന പൊതുഅഭിപ്രായം. അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ വളരെ പെട്ടെന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ബിജെപിയുടെ തീരുമാനം.

ത്രിപുരയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും പ്രവര്‍ത്തകര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനം സന്ദര്‍ശിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരിക്കും ത്രിപുരയിലെ പ്രവര്‍ത്തനങ്ങളുടെ കരുക്കള്‍ നീക്കുക എന്നതാണ് സൂചന.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ജാര്‍ഖണ്ഡിലെ മുഖ്യമന്ത്രി രഘുവര്‍ ദാസ് എന്നിവര്‍ നേരിട്ട് ത്രിപുരയിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും മെയ് ആറിന് ത്രിപുര സന്ദര്‍ശിക്കുന്നുണ്ട്. ഇതിന് പുറമേ ബിജെപിയുടെ കേന്ദ്രമന്ത്രിമാരും ത്രിപുരയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ത്രിപുരയില്‍ നിന്ന് സിപിഎമ്മിനെ തൂത്തെറിയുക എന്നതാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. ബിജെപി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരാനായാണ് മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ത്രിപുരയിലെത്തുന്നത്.

രണ്ട് ദശകത്തിലധികമായി സിപിഎം അധികാരത്തിലിരിക്കുന്ന സംസ്ഥാനമാണ് ത്രിപുര. സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ നിരന്തരം അക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ത്രിപുരയിലെ ബിജെപി നേതാക്കള്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

അടുത്ത വര്‍ഷം ത്രിപുരയില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി തനിച്ച് പോരാടി വിജയിക്കുമെന്നാണ് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button