ജമ്മു•വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണരേഖയിലെ നിരവധി പ്രദേശങ്ങളില്‍ പ്രകോപനം സൃഷിടിച്ച പാകിസ്ഥാന്‍ സൈനികര്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് പാക് ജവാന്മാര്‍ കൊല്ലപ്പെട്ടു.
നിയന്ത്രണ രേഖയില്‍ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ വിവിധ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് റേഞ്ചര്‍മാര്‍ ആക്രമണം അഴിച്ചുവിട്ടത്. പാകിസ്ഥാന്‍ ഭാഗത്ത് നിന്നുള്ള കനത്ത മോട്ടാര്‍ ഷെല്ലാക്രമണവും വെടിവെപ്പും മൂലം പ്രദേശത്തെ സ്കൂളുകള്‍ അടച്ചിരുന്നു. ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നൗഷേര താലൂക്കിലെ ലാം, ജംഗാര്‍, കലിസന്‍, കല്ലല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് രാവിലെ 8 ന് പാക് സൈന്യം ആക്രമണം അഴിച്ചുവിട്ടത്. ഇതിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സൈന്യം ഉതിര്‍ത്ത ഷെല്‍ പാകിസ്ഥാന്‍ ക്യാംപിലാണ് പതിച്ചത്. നിയന്ത്രണ രേഖയ്ക്കപ്പുറത്ത് ഹെലികോപ്ടറുകളും ആംബുലൻസുകളും പരിക്കേറ്റവരുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൈന്യം അറിയിച്ചു. അതേസമയം, ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. ആക്രമണത്തിന് ഇരുപക്ഷവും 82 എം.എം മോര്‍ട്ടാറുകളും ആട്ടോമാറ്റിക്, സെമി-ആട്ടോമാറ്റിക് ആയുധങ്ങള്‍ ഉപയോഗിച്ചു. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി കന്നുകാലികള്‍ക്കും വീടുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.
Post Your Comments