Latest NewsKeralaNews

ഇന്നു മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതി നിരക്ക് വര്‍ധന ഉണ്ടാകും. കറണ്ട് ചാര്‍ജ് വര്‍ദ്ധിപ്പിച്ചുകൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചേക്കും. യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെ കൂടും എന്നാണ് അറിയുന്നത്. നേരത്തേ അന്‍പത് പൈസ വരെ കൂട്ടാനായിരുന്നു നീക്കം. 2014 ലാണ് അവസാനമായി നിരക്ക് വര്‍ദ്ധിപ്പിച്ചത്. അന്ന് 15 മുതല്‍ 70 ശതമാനം വരെയാണ് കൂട്ടിയത്. ഇക്കുറി 3.6 മുതല്‍ 8.7 ശതമാനം വരെ നാമമാത്ര വര്‍ദ്ധനയേ ഉള്ളൂ എന്ന് അറിയുന്നു. നിലവിലെ താരിഫിന്റെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ടെങ്കിലും പരിഷ്‌കരണം പ്രഖ്യാപിച്ചാല്‍ ഉടന്‍ പ്രാബല്യത്തില്‍ വന്നേക്കും.

വൈദ്യുതിയുടെ 85 ശതമാനവും പുറമേ നിന്ന് വാങ്ങുന്നതിനാലും മുന്‍വര്‍ഷങ്ങളിലെ സാമ്പത്തിക ബാദ്ധ്യത പരിഹരിക്കുന്നതിനുമാണ് നിരക്ക് കൂട്ടുന്നത്. ഈ വര്‍ഷം 163 കോടിയുടെയും അടുത്ത വര്‍ഷം 633 കോടി രൂപയുടെയും അധിക ബാദ്ധ്യതയുണ്ടാകും. ഇത് പരിഹരിക്കാന്‍ യൂണിറ്റിന് 50 പൈസയെങ്കിലും കൂട്ടണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. 30 പൈസ കൂട്ടിയാല്‍ 225 കോടിയുടെ അധിക വരുമാനം ലഭിക്കും. ഇത് അപര്യാപ്തമാണെന്നാണ് ബോര്‍ഡിന്റെ നിലപാട്.

നിരക്ക് വര്‍ദ്ധന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ബാദ്ധ്യതയുണ്ടാക്കും. വ്യവസായ ഉപയോക്താക്കളെയും തോട്ടം മേഖല ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉപഭോക്താക്കളെയും പ്രതിമാസം 40 യൂണിറ്റ്‌വരെ മാത്രം ഉപയോഗിക്കുന്നവരെയും വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കിയേക്കും.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് യൂണിറ്റിന് 1.50 രൂപയായി കുറച്ചേക്കും.
യൂണിറ്റിനനുസരിച്ച് ബില്ലടയ്ക്കുന്നവരില്‍ 250 യൂണിറ്റ് വരെയുള്ളവര്‍ക്ക് നിരക്ക് വര്‍ദ്ധന ഉണ്ടാകാനിടയില്ല. അവര്‍ക്ക് 2.39 രൂപയാണ് നിലവിലെ നിരക്ക്.
250 യൂണിറ്റിന് മുകളില്‍ 500 യൂണിറ്റ് വരെ 10 മുതല്‍ 30 പൈസ വരെ വര്‍ദ്ധനയുണ്ടാകും. നിലവില്‍ 5 രൂപ മുതല്‍ 6.20 വരെയാണ് നിരക്ക്.
സ്‌ളാബ് സംവിധാനത്തില്‍ ബില്ലടയ്ക്കുന്നവര്‍ക്ക് ആദ്യ 50 യൂണിറ്റിന് 2.80 രൂപയില്‍ നിന്ന് 2.90 രൂപയായി ഉയര്‍ത്തിയേക്കും. 250 യൂണിറ്റ് വരെ 30 പൈസയുടെ വര്‍ദ്ധനയുണ്ടായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button