
സോള്‍: കഴിഞ്ഞ ദിവസം വീണ്ടും ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത് യുഎസിനെ ചൊടിപ്പിച്ചിരിക്കുകയാണ്. വിലക്ക് മറികടന്നാണ് ഉത്തരകൊറിയ വീണ്ടും ഇങ്ങനെയൊരു നടപടിയിലേക്ക് നീങ്ങിയത്. ഇനിയൊരു പരീക്ഷണത്തിന് ഉത്തരകൊറിയ നിന്നാല്‍ ഒരു യുദ്ധത്തിന് കളമൊരുങ്ങുമെന്നാണ് യുഎസ് മുന്നറിയിപ്പ് നല്‍കിയത്.
ഇതിനിടയിലാണ് ഉത്തരകൊറിയയെ ലക്ഷ്യമിട്ട് ഒരു കപ്പല്‍ അടുക്കുന്ന വിവരം പുറത്തുവരുന്നത്. കൊറിയന്‍ സമുദ്രമേഖലയില്‍ യുഎസ് വിമാനവാഹിനി യുഎസ്എസ് കാള്‍ വിന്‍സന്റെ നേതൃത്വത്തിലുള്ള പടക്കപ്പല്‍വ്യൂഹത്തെ റഷ്യയും ചൈനയും പിന്തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്. കാള്‍ വിന്‍സന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ചാരക്കപ്പലുകളെ അയച്ചിട്ടുണ്ടെന്നാണ് വിവരം.
വിവരങ്ങള്‍ ചോര്‍ത്താന്‍ അത്യാധുനിക സാങ്കേതിക വിദ്യയാണ് റഷ്യയും ചൈനയും ഒരുക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ തീരത്തേക്കു പോകുകയായിരുന്ന കപ്പലിനെ ഉത്തര കൊറിയ നടത്തിയ ആയുധപരേഡിനു പിന്നാലെ തിരിച്ചുവിളിക്കുകയായിരുന്നു. ഏതു സമയത്തും അടുത്ത ആണവപരീക്ഷണത്തിന് ഉത്തര കൊറിയ മുതിര്‍ന്നേക്കാം എന്ന വിലയിരുത്തലുണ്ട്. ഇതിനെതിരെയാണ് യുഎസിന്റെ നടപടി.
Post Your Comments