തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം.ഹസന്‍. കെ.പി.സി.സി ആസ്ഥാനത്ത് ഹസന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിണറായിയെയും സിപിഐയും കുറ്റപ്പെടുത്തിയത്. ഏകാധിപതിയുടെ കീഴില്‍ ഉപദേശകരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും സി.പി.എമ്മിനെ പോലെയല്ല സി.പി.ഐ യാഥാര്‍ത്ഥ്യ ബോധമുളള പാര്‍ട്ടിയാണെന്നും ഹസ്സന്‍ വ്യക്തമാക്കി.
ജിഷ്ണു കേസ്, വര്‍ഗീസ് കേസ്, മൂന്നാര്‍ വിഷയം തുടങ്ങീ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ പോലെ ജനപക്ഷ നിലപാടാണ് സി.പി.ഐയുടേതും. കാനം രാജേന്ദ്രന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായില്ല. സി.പി.ഐ സെക്രട്ടറിമാരായിരുന്ന വെളിയം ഭാര്‍ഗവന്‍, സി.കെ.ചന്ദ്രപ്പന്‍ എന്നിവരെ പോലെ ധീരമായ ഇടതുപക്ഷ നിലപാടുകള്‍ മുന്നോട്ടു വയ്ക്കുന്ന കാനം രാജേന്ദ്രന്റെ അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നു. 1967 ല്‍ സ്പതകക്ഷി മുന്നണി ഭരണത്തില്‍ വന്‍പാര്‍ട്ടി മേധാവിത്വത്തിന് എതിരായ മറ്റു പാര്‍ട്ടികളുടെ വിയോജിപ്പിന് സമാനമായ അവസ്ഥയാണ് ഇപ്പോഴുമുളളത്. കോണ്‍ഗ്രസും സി.പി.ഐയും ഒന്നിച്ചു ഭരിച്ച അച്യുതമേനോന്‍ സര്‍ക്കാരാണ് കേരളത്തില്‍ ഏറ്റവും അധികം വികസനം നടപ്പാക്കിയതെന്നും ഹസ്സന്‍ വ്യക്തമാക്കി.
സി.പി.എമ്മിന്റെ ജന്മിത്വ നിലപാടുകള്‍ക്ക് എതിരായ മുന്‍ നിലപാടാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പിന്തുടരുന്നത്. സി.പി.എമ്മിന്റെ അനീതിക്ക് എതിരെ സി.പി.ഐ നടത്തുന്ന പോരാട്ടങ്ങളെ സ്വാഗതം ചെയ്യുന്നു. ഇടതു മുന്നണിയുടെ ആശയപരമായ ഐക്യം തകര്‍ന്നു. ഇരു പാര്‍ട്ടികളുടെയും വ്യത്യസ്ത നിലപാട് ഇതിനു തെളിവാണ്. ഭരണം നിലനിര്‍ത്താന്‍ വേണ്ടിയുളള അവസരവാദ കൂട്ടുകെട്ട് മാത്രമാണ് ഇപ്പോഴുളളത്. മുഖ്യമന്ത്രിക്ക് മന്ത്രിമാരെ പോലും വിശ്വാസമില്ല, തോമസ് ഐസകിന്റെയും എ.കെ.ബാലന്റെയും വകുപ്പുകളില്‍ ഉപദേശകരെ വച്ചിരിക്കുന്നത് അതിന്റെ തെളിവാണ്.മൂന്നാറില്‍ കൈയ്യേറ്റക്കാര്‍ക്ക് ഒപ്പമാണ് സി.പി.എമ്മും സര്‍ക്കാരും. അവിടെ റവന്യൂ വകുപ്പിന് കീഴിലുളള സബ് കളക്ടര്‍ പറയുന്നത് ആഭ്യന്തര വകുപ്പിന് കീഴിലുളള പൊലീസ് കേള്‍ക്കുന്നില്ല. നിയമം നടപ്പാക്കുന്ന സബ്കളക്ടറുടെ കൈയ്യും കാലും വെട്ടിയെടുക്കുമെന്ന് പറയുന്നത് സംസ്ഥാന മന്ത്രിയാണെന്നും ഹസന്‍ പറഞ്ഞു.
Post Your Comments