Latest NewsNewsIndia

കുൽഭൂഷണിന്റെ വധശിക്ഷ; നിലപാട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: പാക് സൈന്യത്തിനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുന്നു. ‘ഇന്ത്യൻ ചാരൻ’ എന്നാരോപിച്ച് പിടികൂടിയ മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് വധശിക്ഷയ്ക്ക് വിധിച്ച പാക്ക് നീക്കത്തിനെതിരെയാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്. ഇന്ത്യ ജാദവിനു നീതി ഉറപ്പാക്കുന്നതുവരെ പാക്കിസ്ഥാനുമായുള്ള എല്ലാവിധ ഉഭയകക്ഷി ചർച്ചകളും നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ഈ വിഷയത്തിൽ പാക്കിസ്ഥാനുമേൽ സമ്മർദ്ദം ചെലുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ജാദവിന്റെ കാര്യത്തിൽ എല്ലാവിധ മര്യാദകളും പാക്കിസ്ഥാൻ മറന്നുപ്രവർത്തിച്ചെന്നും ഇന്ത്യയ്ക്ക് ആക്ഷേപമുണ്ട്

ഉഭയകക്ഷി ചർച്ചകൾ നിർത്തിവയ്ക്കുന്നതിന്റെ ഭാഗമായി പാക്ക് അധികൃതരുമായി തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ടുള്ള തീരസംരക്ഷണ സേനാ പ്രതിനിധികളുടെ കൂടിക്കാഴ്ച ഇന്ത്യ റദ്ദാക്കി. ചർച്ചയ്ക്കായി ഇന്ത്യയിലേക്കു വരാനിരിക്കുന്ന പാക്കിസ്ഥാൻ സമുദ്ര സുരക്ഷാ ഏജൻസി (പിഎംഎസ്എ) ഉദ്യോഗസ്ഥർക്ക് ആതിഥ്യമരുളാനാവില്ലെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച ഇവർ ഇന്ത്യയിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അതേസമയം, ഇൻഡസ് വാട്ടർ കമ്മിഷനുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇന്ത്യൻ പ്രതിനിധി സംഘം ഈ വർഷം ആദ്യം പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു. ഇതല്ലാതെ മറ്റു നയതന്ത്ര ചർച്ചകളൊന്നും ഇതുവരെ ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്നിട്ടില്ല.

ജമ്മു കശ്മീരിലെ ഉറിയിൽ പാക്ക് പിന്തുണയോടെ ഭീകരർ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏറെക്കാലമായി മുടങ്ങിക്കിടന്ന ഉഭയകക്ഷി ചർച്ചകൾ പുനഃരാരംഭിക്കാനുള്ള ശ്രമങ്ങളാണ് കുൽഭൂഷൺ ജാദവ് വിഷയത്തിൽത്തട്ടി വീണ്ടും പ്രതിസന്ധിയിലായത്. ഈ സംഭവത്തിനു ശേഷം ആദ്യമായി ഇന്ത്യ സന്ദർശിക്കാനിരുന്ന പാക്ക് പ്രതിനിധി സംഘമാണ് പിഎംഎസ്എ. രാജ്യാന്തര നിയമങ്ങൾ കാറ്റിൽപ്പറത്തി കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ച പാക്ക് സൈനിക കോടതിയുടെ നടപടിയുടെ പശ്ചാത്തലത്തിൽ, ചർച്ചകൾ പുനഃരാരംഭിക്കേണ്ടതില്ലെന്ന വികാരമാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിനുള്ളത്.

അതിനിടെ, കുൽഭൂഷൺ ജാദവിനെ കാണാൻ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥന്മാർക്ക് അനുമതി നൽകണമെന്ന ഇന്ത്യയുടെ ആവശ്യം തുടർച്ചയായ 14–ാം തവണയും പാക്കിസ്ഥാൻ തള്ളി. പാക്ക് വിദേശകാര്യ സെക്രട്ടറി ടെഹ്മിനാ ജാൻജുവയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി ഗൗതം ബംബാവാലെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ ചാരപ്രവർത്തിക്കു പിടിയിലായ ആളെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി. ജാദവിനെതിരായ വിധിക്കെതിരെ അപ്പീൽ നൽകാൻ കുറ്റപത്രത്തിന്റെ രണ്ടു പകർപ്പുകളും ജാദവിനെതിരായ വിധിയുടെ പകർപ്പും നൽകാനും ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button