പനാജി: പ്രതിരോധ വകുപ്പ് ഒഴിയാനുള്ള കാരണം വ്യക്തമാക്കി മുന്‍ പ്രതിരോധ മന്ത്രിയും, ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍. കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ നേരിട്ട സമ്മര്‍ദ്ദം കാരണമാണ് പ്രതിരോധ വകുപ്പ് ഒഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി തന്റെ പ്രവര്‍ത്തന മണ്ഡലമല്ലെന്നും, കേന്ദ്ര ഭരണം കടുത്ത സമ്മര്‍ദ്ദം നിറഞ്ഞതാണെന്നും പരീക്കര്‍ വെളിപ്പെടുത്തി.
ഡോ. അംബേദ്ക്കറുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവ മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിച്ചപ്പോള്‍ സംസ്ഥാനത്തേയ്ക്ക് തിരിച്ചുപോരാന്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്രമന്ത്രിയായിരിക്കുമ്പോള്‍ കശ്മീര്‍ അടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ പരിഹാരനപടികളെടുക്കേണ്ടതുണ്ട്.
എന്നാല്‍ കശ്മീര്‍ പ്രശ്നം എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുന്നതല്ല. ഇതിനായി ദീര്‍ഘകാല പദ്ധതികള്‍ രൂപീകരിക്കേണ്ടതായിട്ടുണ്ടെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു. ചില കാര്യങ്ങളെപ്പറ്റി വളരെ കുറച്ച് മാത്രം ചര്‍ച്ച ചെയ്യുന്നതാണ് ഉചിതം. കശ്മീര്‍ വിഷയത്തില്‍ വളരെ കുറച്ച് ചര്‍ച്ചകളും കൂടുതല്‍ പ്രവര്‍ത്തനങ്ങളുമാണ് അനിവാര്യമായിട്ടുള്ളത്. കാരണം ഈ വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ വിഷയം വഷളാകാന്‍ മാത്രമെ അത് ഉപകരിക്കു എന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments