തിരുവനന്തപുരം: സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും സിപിഐയുമായി വഴി പിരിയുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നതായി സൂചന. സിപിഐ ഇനി സര്‍ക്കാറിലെയും ഇടതുമുന്നണിയിലെയും പ്രതിപക്ഷമായി പ്രവര്‍ത്തിക്കേണ്ടതില്ലന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി. സിപിഎം സംസ്ഥാന നേതൃത്വത്തില്‍ ഭൂരിപക്ഷത്തിന്റെയും വികാരം ഇതുതന്നെയാണ്.
സമവായക്കാരനായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിരലിലെണ്ണാവുന്ന ഏതാനും നേതാക്കള്‍ക്കും മാത്രമാണ് കടുത്ത നടപടിയിലേക്ക് തല്‍ക്കാലം ഇപ്പോള്‍ പോകേണ്ടതില്ലന്ന അഭിപ്രായമുള്ളത്. ഇതിനിടെ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നടപടിയെ പിന്തുണച്ച് സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി തന്നെ ഇപ്പോള്‍ പരസ്യമായി രംഗത്തുവന്നത് സിപിഎം നേതാക്കളെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്.
സിപിഐ നിലപാടിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടി രംഗത്ത് വന്നതോടെ ഇതിന് മറ്റൊരു രാഷ്ട്രീയമാനം കൂടി വന്നിട്ടുണ്ട്. സിപിഐ പോയാലും മന്ത്രിസഭ താഴെ പോവില്ലന്നും ആവശ്യമെങ്കില്‍ കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗത്തിന്റെ ഉള്‍പ്പെടെ സഹായം എപ്പോള്‍ വേണമെങ്കിലും ലഭിക്കുമെന്നുമുള്ള കണക്ക് കൂട്ടലും പാര്‍ട്ടി നേതൃത്വത്തിനുണ്ട്.
സിപിഐയെ ഒഴിവാക്കേണ്ട സാഹചര്യമുണ്ടായാല്‍ ആ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി മുസ്ലീം ലീഗിനേയോ, കേരള കോണ്‍ഗ്രസ്സിനേയോ ഇടതു മുന്നണിയിലെടുക്കാനും ഇക്കാര്യം അണികളെ ബോധ്യപ്പെടുത്താനും സിപിഎമ്മിന് കഴിഞ്ഞേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
സിപിഎം നേതൃത്വം കൊടുക്കുന്ന മുന്നണിയില്‍ ഉള്ളത് കൊണ്ടു മാത്രമാണ്. സിപിഐയുടെ കേരളത്തിലെ നിലനില്‍പ്പെന്നാണ് സിപിഎം അവകാശപ്പെടുന്നത്. ലീഗിനോ, കേരള കോണ്‍ഗ്രസ്സിനോ ഉള്ള തരത്തില്‍ യാതൊരു ശക്തിയും സിപിഐക്ക് സംസ്ഥാനത്ത് ഇല്ലാത്തതിനാല്‍ അവര്‍ യുഡിഎഫ് പാളയത്തിലെത്തിയാല്‍ ആര്‍എസ്പിയുടെ അനുഭവമായിരിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ മുന്നറിയിപ്പ്.
Post Your Comments