ശ്രീനഗർ: ജവാന്മാർക്കെതിരെ ആക്രമണം നടത്തിയവർ അറസ്റ്റിൽ. ജമ്മുകശ്മീരിലെ ബൽഗാമിൽ ഏപ്രിൽ 9ന് തിരഞ്ഞെടുപ്പു നടന്ന ദിവസം സി.ആർ.പി.എഫ് ജവാന്മാർക്കെതിരേ ആക്രമണം നടത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സംഘം യുവാക്കൾ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവുമായി പോവുകയായിരുന്ന സി.ആർ.പി.എഫ് ജവാന്മാർക്കെതിരേ ആക്രമണമഴിച്ചു വിടുകയായിരുന്നു. യുവാക്കൾ ഇവരുടെ ജോലി തടസ്സപ്പെടുത്തുകയും, ചവിട്ടുകയും, ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
പിന്നീട് സി.ആർ.പി.എഫ് ഈ വീഡിയോ ദൃശ്യങ്ങൾ യഥാർഥമാണെന്ന് സ്ഥിരീകരിച്ചിരുന്നു.യുവാക്കൾ ആക്രമിച്ച ജവാന്മാർ ആയുധധാരികളായിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിച്ചിരുന്ന അവർക്ക് എന്തു വേണമെങ്കിലും തിരിച്ചു ചെയ്യാമായിരുന്നുവെന്നും മനഃപൂർവ്വം പ്രകോപനം സൃഷ്ടിച്ചിട്ടും ജവാന്മാർ സംയമനം പാലിക്കുകയായിരുന്നെന്നും ജമ്മുകശ്മീർ ഉപമുഖ്യമന്ത്രി നിർമൽ കുമാർ സിംഗ് പറഞ്ഞു.
തിരിച്ചു വെടിയുതിർക്കാനുളള അധികാരമുണ്ടായിട്ടും സൈനികർ സംയമനം പാലിക്കുകയായിരുന്നു. അത്രയും അച്ചടക്കമുളള സൈനികർക്കെതിരേയാണ് വിഘടനവാദികൾ ആക്രമണമഴിച്ചു വിടുന്നത്. സേനാംഗങ്ങൾ പ്രകോപിതരാകാതെ സംയമനം പാലിച്ചത് അത്യന്തം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഇത്തരം പ്രവർത്തികൾ ശിക്ഷാർഹമാണ്. സംസ്ഥാനസർക്കാർ ഇവർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments