ഡൽഹി: വിവാഹത്തിന് ശേഷം സ്ത്രീകള്‍ പാസ്‌പോര്‍ട്ടില്‍ അവരുടെ പേരുകള്‍ മാറ്റേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം ഒരു പ്രഖ്യാപനം സ്ത്രീകളെ മുന്‍നിര്‍ത്തിയുള്ള വികസനത്തിന്റെ ഭാഗമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു. മുദ്ര, ഉജ്ജ്വല്‍ അടങ്ങുന്ന സ്ത്രീ സൗഹൃദ പദ്ധതികള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും സ്ത്രീകള്‍ മുന്നോട്ട് വരുമ്പോഴാണ് രാജ്യത്ത് വികസനം പ്രാപ്യമാകുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ വ്യവസായി ചേമ്പറിന്റെ സ്ത്രീ വിഭാഗം നടത്തിയ പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സ്ത്രീകള്‍ക്കുള്ള ഗര്‍ഭകാല അവധി 12 ആഴ്ചയില്‍ നിന്നും 24 ആഴ്ചയായി ഈ സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. സ്ത്രീകളുടെ സുഖപ്രസവത്തെയും അവരുടെ ആരോഗ്യത്തെയും മുന്‍നിര്‍ത്തി ആശുപത്രിയില്‍ പ്രസവിക്കുന്ന സ്ത്രീകള്‍ക്കായി ആറായിരം രൂപയും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാചകവാതകവിതരണം ക്രിയാത്മകമാക്കാന്‍ സര്‍ക്കാര്‍ കൊണ്ട് വന്ന ഉജ്ജ്വല്‍ പദ്ധതി ഇതിനോടകം ബിപിഎല്‍ കുടുംബങ്ങളിലെ രണ്ട് കോടി സ്ത്രീകള്‍ക്ക് പ്രയോജനകരമായിട്ടുണ്ട്. വരുന്ന രണ്ട് വര്‍ഷങ്ങളില്‍ അത് അഞ്ച് കോടിയായി ഉയരുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
Post Your Comments