ന്യൂഡൽഹി: നമോ ഡ്രോൺ ദീദീസ് പദ്ധതിയിലൂടെ 1000 സ്ത്രീകൾക്ക് കൂടി ഡ്രോണുകൾ കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലാണ് ‘നമോ ഡ്രോൺ ദീദീസ്’ പരിപാടി നടന്നത്. സ്ത്രീ ശാക്തീകരണത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതിയാണിത്. പദ്ധതിയിലൂടെ ഗ്രാമത്തിലെ സ്ത്രീകൾക്ക് വളരെയധികം പ്രയോജനം ലഭിക്കുന്നു. പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് കൃഷിക്കും ജലസേചനത്തിനും കർഷകരെ സഹായിക്കുകയാണ്.
ഈ പദ്ധതിയിലൂടെ ഡ്രോൺ കൈകാര്യം ചെയ്യുന്നതിനായി ഗ്രാമത്തിലെ സ്ത്രീകൾക്ക് പരിശീലനം നൽകുന്നു. ഇതിലൂടെ ഗ്രാമപ്രദേശങ്ങളിൽ സാമ്പത്തിക ശാക്തീകരണവും സാമ്പത്തിക സ്വയംഭരണവും വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. നിരവധി സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം കൃത്യമായി ലഭ്യമാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
സശക്ത് നാരി-വികസിത് ഭാരത് പരിപാടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി പരിപാടിയെ അഭിസംബോധന ചെയ്തു. വീട്ടുജോലികളിൽ ഒതുങ്ങിയിരുന്ന സ്ത്രീകൾ ഇന്ന് രാഷ്ട്ര നിർമ്മാണത്തിന് സംഭാവനകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഭാരതം സ്ത്രീശാക്തീകരണത്തിന്റെ പുതിയ അദ്ധ്യായം രചിക്കും. ഇതിന് രാജ്യത്തെ ജനങ്ങൾ സാക്ഷ്യം വഹിക്കും. നമ്മുടെ രാജ്യത്തിന്റെ നെടുംതൂണുകളാണ് സ്ത്രീകളെന്നും അദ്ദേഹം വിശദമാക്കി.
Post Your Comments