റിയാദ്: നാട്ടില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കാനുള്ള മരുന്ന് കൊണ്ടുവന്നതിന് കസ്റ്റംസ് പിടിയിലാവുകയും നിയമനടപടി നേരിടുകയും ചെയ്ത മലയാളി യുവാവ് ഒടുവില്‍ നാട്ടില്‍ മടങ്ങിയെത്തി. സൗദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസില്‍ (സാബിക്) കരാര്‍ ജീവനക്കാരനായിരുന്ന കൊച്ചി സ്വദേശി നിഷീഫ് ഒലിയത്ത് അബ്ദുല്‍ ഗഫൂറിനാണ് 11 മാസം നീണ്ട യാത്രാനിരോധനത്തിനൊടുവില്‍ സാമ്പത്തിക പിഴയൊടുക്കി എക്‌സിറ്റ് വിസയില്‍ നാട്ടിലേയ്ക്ക് പോരേണ്ടിവന്നത്.
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് രണ്ടാഴ്ച അവധിക്ക് നാട്ടില്‍ പോയി മടങ്ങുമ്പോള്‍ 2016 ജൂണ്‍ 18 നായിരുന്നു സംഭവം. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ റിയാദ് വിമാനത്താവളത്തിലിറങ്ങിയ നിഷീഫിനെ കസ്റ്റംസ് തടഞ്ഞു. ബാഗേജില്‍ അമിതമായ അളവില്‍ ഗുളികയും മറ്റ് മരുന്നുകളും കണ്ടതാണ് വിനയായത്. നാട്ടില്‍ ചികിത്സിച്ച ഡോക്ടര്‍ നിര്‍ദേശിച്ച ഒരു വര്‍ഷത്തേക്കുള്ള മരുന്നായിരുന്നു അത്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഉള്‍പ്പെടെ മതിയായ രേഖകളുണ്ടായിരുന്നെങ്കിലും അതൊന്നും രക്ഷയായില്ല. എയര്‍പോര്‍ട്ടിലെ സെല്ലില്‍ ഒരു ദിവസം കഴിഞ്ഞ ശേഷം സമീപത്തെ ഖലീജ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും പിന്നീട് നസീമിലെ നര്‍ക്കോട്ടിക് സ്റ്റേഷനിലെത്തിച്ച് അവിടെ ജയിലില്‍ അടക്കുകയും ചെയ്തു.
ഇവിടെ 11 ദിവസം കിടന്നു. ഇയാളുടെ ബന്ധുവായ റിയാദ് നാടക വേദി പ്രവര്‍ത്തകന്‍ ആഷിഖ് വലപ്പാട് വിഷയത്തിലിടപെടുകയും മരുന്നുകളെയും ചികിത്സയെയും കുറിച്ച് പൊലീസ് ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു സ്വദേശി പൗരന്റെ ജാമ്യത്തില്‍ ആളെ ജയിലില്‍ നിന്ന് വിട്ടയച്ചു.
എന്നാല്‍ കേസ് തുടര്‍ന്നതിനാല്‍ ഇഖാമ പുതുക്കാനായില്ല. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ജുബൈലിലെ ഒരു കരാര്‍ കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പിലായിരുന്നു യുവാവ്. ജയിലില്‍ നിന്നിറങ്ങിയ ശേഷം അങ്ങോട്ട് പോയെങ്കിലും അപ്പോഴേക്കും സാബിക്കിലെ കരാര്‍ അവസാനിച്ചിരുന്നതിനാല്‍ ജോലിയില്‍ തുടരാനായില്ല. ഇഖാമ പുതുക്കാന്‍ കഴിയാതായതോടെ താമസസൗകര്യം കൂടി നഷ്ടമായി ഒരു രക്ഷയുമില്ലാതെ റിയാദിലേക്ക് മടങ്ങേണ്ടിവന്നു. ബന്ധു ആഷിഖിനോടൊപ്പമാണ് 10 മാസത്തോളം കഴിഞ്ഞത്. കഴിഞ്ഞ മാസമാണ് കേസില്‍ തീര്‍പ്പുണ്ടായത്. സാമ്പത്തിക പിഴയും നാടുകടത്തലുമായിരുന്നു വിധി. ഇഖാമ പുതുക്കാനും ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തിരിച്ചെടുക്കാനും കഴിഞ്ഞു.
സാമ്പത്തിക പിഴ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തില്‍ അടച്ചതോടെ യാത്രാവിലക്കും നീങ്ങി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നിഷീഫ് നാട്ടിലേക്ക് മടങ്ങിയത്. കൊച്ചി കൂട്ടായ്മയും നാടകം ഡോട്ട് കോം പ്രവര്‍ത്തകരും സഹായിക്കാന്‍ രംഗത്തുണ്ടായിരുന്നു.
Post Your Comments