KeralaLatest NewsNews

മഹിജയും കുടുംബവും നാട്ടിലേക്ക് : ഒത്തുതീര്‍പ്പ് കരാര്‍ പരസ്യമാക്കി

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബാംഗങ്ങളും ഇന്ന് നാട്ടിലേക്ക് മടങ്ങും. മഹിജയുടേയും കുടുംബത്തിന്റേയും നിരാഹാര സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ കരാര്‍, സര്‍ക്കാര്‍ പരസ്യമാക്കി. കരാര്‍ വ്യവസ്ഥയുടെ ഭാഗമായി മഹിജയ്ക്ക് മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചിട്ടുണ്ട്. വളയത്ത് മഹിജയേയും ബന്ധുക്കളേയും സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ ബലത്തില്‍ നാട്ടിലേക്ക് തിരിക്കുമ്പോഴും പല കാര്യങ്ങളിലും അവ്യക്തത തുടരുന്നു. കരാറിന്റെ പകര്‍പ്പ് വൈകുന്നതില്‍ ജിഷ്ണുവിന്റെ കുടുംബം പരാതിപ്പെട്ടതിന് ശേഷമാണ് പത്ത് വ്യവസ്ഥകളോടെ സര്‍ക്കാര്‍ കരാര്‍ പരസ്യമാക്കിയത്. ശനിയാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ച് മഹിജ മുഖ്യമന്ത്രിയെ കാണും. എന്നാല്‍ ആരോഗ്യസ്ഥിതി കണക്കിലെടുത്താകും മഹിജയുടെ തലസ്ഥാനത്തേക്കുള്ള മടക്കം.

ഡിജിപി ഓഫീസിന് മുന്നിലെ സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടിയെടുക്കുമെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കുമെന്നും കരാറിലുണ്ട്. സംഭവ ബഹുലമായ ആഴ്ചയ്ക്ക് ശേഷം മഹിജയും ബന്ധുക്കളും മടങ്ങുമ്പോഴും, ജിഷ്ണു കൊലക്കേസിലെ പ്രതികളെല്ലാം ജാമ്യം നേടി പുറത്താണ്. അതിനിടെ, കേസന്വേഷിക്കുന്ന എഡിജിപി നിതിന്‍ അഗര്‍വാള്‍ ആശുപത്രിയിലെത്തി മഹിജയുടേയും ശ്രീജിത്തിന്റേയും മൊഴിയെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button