മൊഗാദിഷു: കടൽക്കൊള്ളക്കാരുടെ തടവിലായിരുന്ന ഇന്ത്യൻ കപ്പൽ ജീവനക്കാരെ മോചിപ്പിച്ചു. സോമാലിയയിലെ ഹോബിയോയ്ക്ക് സമീപമുള്ള അബ്ദുള്ളാഹി അഹമ്മദലി എന്ന ഗ്രാമത്തിൽനിന്നാണ് ഇവരെ മോചിപ്പിച്ചതെന്നാണു സൂചന. എട്ട് ജീവനക്കാരെയാണ് സൊമാലിയൻ സൈന്യം മോചിപ്പിച്ചത്.
കഴിഞ്ഞയാഴ്ചയാണ് ഇവർ സഞ്ചരിച്ചിരുന്ന കപ്പൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. കഴിഞ്ഞ മാസം ശ്രീലങ്കയുടെ വാണിജ്യ കപ്പൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തിരുന്നു. തടവിലാക്കിയവരെ മണിക്കൂറൂകളോളം നടത്തിയാണ് കൊള്ളക്കാരുടെ കേന്ദ്രങ്ങളിലെത്തിച്ചത്. സൈന്യം പിന്തുടരുന്നത് ഒഴിവാക്കാനായിരുന്നു ഇത്.
സൈനിക നടപടിക്കിടെ നാല് കടൽക്കൊള്ളക്കാരെ അറസ്റ്റ് ചെയ്തു. ഇതോടെ എല്ലാ കപ്പൽ ജീവനക്കാരും മോചിതരായി. തടവിലായിരുന്ന രണ്ടുപേരെ ഞായറാഴ്ച മോചിപ്പിച്ചിരുന്നു. തുടക്കത്തിൽ 11 പേരെ തട്ടിക്കൊണ്ടുപോയെന്നാണ് അറിയിച്ചിരുന്നെങ്കിലും 10 പേരെ മാത്രമാണ് തടവിലാക്കിയതെന്നു പിന്നീട് തിരുത്തി.
Post Your Comments