പാലക്കാട്: താഴേത്തട്ടിലുള്ള പോലീസ് സേനയുടെ പ്രവർത്തനം ഉന്നത ഉദ്യോഗസ്ഥർ എങ്ങനെയായിരിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് ജയിൽ മേധാവിയും എഡിജിപിയുമായ ആർ.ശ്രീലേഖ. പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ‘സ്ത്രീ സുരക്ഷയിൽ പോലീസിന്റെ പങ്ക്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വനിതാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
അച്ചടക്കത്തിന്റെ ആൾ രൂപമായിരുന്നു മുൻപു കേരളത്തിന്റെ ഡിജിപിയായിരുന്ന കെ.ജെ.ജോസഫ്. അന്നു പോലീസ് സേനയിലും അച്ചടക്കമുണ്ടായി. പോലീസ് സ്റ്റേഷനുകളിൽ രാഷ്ട്രീയ ഇടപെടലുകൾ പാടില്ലെന്ന അദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ച എ.കെ.ആന്റണി എന്ന മുഖ്യമന്ത്രിയും അന്നുണ്ടായിരുന്നു. പിന്നീടു വന്ന ഹോർമിസ് തരകൻ തികച്ചും മാന്യനായിരുന്നു. അക്കാലത്തു പോലീസിനു ‘ജെന്റിൽമാൻ പരിവേഷമായിരുന്നു’. കഴിവു മാത്രമുണ്ടായാൽ പോലീസിൽ പ്രവർത്തനം സുഗമമാകില്ല.
പീഡനങ്ങൾ അടക്കമുള്ള പരാതികളുമായി വരുന്നവരെ താൻ ജോലി സ്ഥലത്തു വിവേചനമോ പീഡനമോ അനുഭവിക്കാത്ത മാനസിക അവസ്ഥയുണ്ടെങ്കിലേ സഹായിക്കാൻ വനിത ഉദ്യോഗസ്ഥർക്കു കഴിയൂ. ശിക്ഷ ഏറ്റുവാങ്ങുകയും മെമ്മോകൾ സ്ഥിരമായി കിട്ടുകയും ചെയ്യുന്ന ഉദ്യോഗസ്ഥർ ശരിയായി ജോലി ചെയ്യാൻ തയാറാകില്ല. എത്ര ജോലി ചെയ്താലും അംഗീകാരമോ ഉന്നത ഉദ്യോഗസ്ഥരുടെ നല്ല വാക്കോ ലഭിക്കില്ലെന്നതാണു പോലീസ് ജോലിയുടെ ശാപം. ചെറിയ പാകപ്പിഴകൾക്കു പഴി കേൾക്കേണ്ടിയും വരും. സുഖകരമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉദ്യോഗസ്ഥർക്കു സർക്കാർ ഒരുക്കണമെന്നും മേലധികാരികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ശ്രീലേഖ പറഞ്ഞു.
Post Your Comments