ദുബായ് : ലോകത്തിലെ തന്നെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ദുബായിയിലെ സഫാരി പാര്‍ക്ക് നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തി. 119 ഹെക്ടറില്‍ ഒരുങ്ങുന്ന സഫാരി പാര്‍ക്ക് ഉടന്‍ തന്നെ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും.
ദുബായി അല്‍വര്‍ക്കയിലാണ് മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ സഫാരി പാര്‍ക്ക് ഒരുങ്ങുന്നത്. പാര്‍ക്കിന്റെ നിര്‍മ്മാണം അവസാനിക്കാറായി എന്നാണ് മുന്‍സിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കുന്നത്. അടുത്ത ഏതാനും മാസങ്ങള്‍ക്കകം പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കുമെന്ന് ദുബായി മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനിയര്‍ ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.
ഒന്നര ബില്യണ്‍ ദിര്‍ഹം ചെലവഴിച്ച് 119 ഹെക്ടര്‍ സ്ഥലത്താണ് സഫാരി പാര്‍ക്ക് ഒരുങ്ങുന്നത്. വന്യമൃഗങ്ങളെ അവയുടെ ആവാസവ്യവസ്ഥയില്‍ വെച്ച് തന്നെ കാണുന്നതിനുള്ള അവസരം ആണ് പാര്‍ക്കില്‍ തയ്യാറാകുന്നത്. 119 ഹെക്ടറില്‍ എണ്‍പത് ഹെക്ടര്‍ സ്ഥലം ലോകത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിക്കും. ഏഷ്യന്‍ വില്ലേജ്, ആഫ്രിക്കന്‍ വില്ലേജ് എന്നിങ്ങനെ തരം തിരിച്ചാണ് ഇത്. മുപ്പത്തിയഞ്ച് ഹെക്ടര്‍ സ്ഥലത്ത് ഓപ്പണ്‍ സഫാരി വില്ലേജും തയ്യാറാക്കിയിരിക്കുന്നു.
ലോകത്ത് വംശനാശഭീഷണ നേരിടുന്നവ അടക്കം നൂറുകണക്കിന് മൃഗങ്ങള്‍ ദുബായി സഫാരിയില്‍ ഉണ്ടാകും. സുരക്ഷയില്‍ അടക്കം രാജ്യാന്തര നിലവാരം പുലര്‍ത്തിയാണ് പാര്‍ക്കിന്റെ നിര്‍മ്മാണം. ഇത് കൂടാതെ അരുവികള്‍, വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍ തുടങ്ങിയവയും പാര്‍ക്കില്‍ ഒരുങ്ങുന്നുണ്ട്.
Post Your Comments