പി.ആര്‍.രാജ്
കേരളത്തില്‍ ബിജെപിയുടെ രാഷ്ട്രീയ പടയോട്ടം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നു എന്ന ഏറ്റവും ശ്രദ്ധേയമായ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ഓരോ മലയാളിയെയും തേടിയെത്തിയത്. നേതൃതലത്തില്‍ രാഷ്ട്രീയ ചുവടുമാറ്റങ്ങള്‍ തീരെ കുറഞ്ഞ കേരളത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. അത്തരത്തില്‍ കൂടുമാറ്റം നടത്തുന്ന വ്യക്തികളില്‍ മുഴങ്ങിക്കേട്ട പേരുകളൊക്കെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരിക്കലെങ്കിലും കേരളത്തിന്റെ ശബ്ദം കേള്‍പ്പിച്ച കോണ്‍ഗ്രസ് നേതാക്കളുടേതായിരുന്നു.
മൂന്നുതവണ തിരുവനന്തപുരത്തുനിന്നും കോണ്‍ഗ്രസിനെ ലോകസഭയില്‍ പ്രതിനിധീകരിക്കുന്ന ഡോ.ശശി തരൂര്‍, തിരുവനന്തപുരം മുന്‍ എം.പിയും നിലവില്‍ എം.പിയുമായ വി.എസ് ശിവകുമാര്‍, കണ്ണൂര്‍ മുന്‍ എം.പി കെ.സുധാകരന്‍ എന്നിവരുടെ പേരാണ് നവമാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചത്. ഇതില്‍ ശശി തരൂരിനെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് സംശയമുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്തരം ഒരു വാര്‍ത്ത പ്രചരിച്ചപ്പോള്‍ തരൂര്‍ ബിജെപിയില്‍ ചേരില്ല എന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന് പേരെടുത്ത് പറയേണ്ടി വന്നത്. മറ്റൊരു വ്യക്തി കെ.സുധാകരനാണ്. മലബാര്‍ മേഖലയില്‍ എക്കാലത്തും കോണ്‍ഗ്രസിന്റെ മുഖമായിരുന്നു കെ.സുധാകരന്‍. സുധാകരന്‍ കോണ്‍ഗ്രസ് വിടുമെന്ന് ആരും കരുതുന്നില്ല. പക്ഷേ മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ സംഭവിക്കാനിരിക്കുന്നതിനെചൊല്ലി അനിശ്ചിതത്വം തുടരുകയാണ്.
ഇന്ത്യയില്‍ പൊതുവേ ശക്തിക്ഷയിക്കുന്ന കോണ്‍ഗ്രസിന് ഇപ്പോഴത്തെ രീതിയില്‍ അധികകാലം കേരളത്തിലും ആയുസ്സുണ്ടാകില്ല. ഗ്രൂപ്പിസം ഇപ്പോഴും കേരളത്തിലെ കോണ്‍ഗ്രസിനെ കാര്‍ന്നുതിന്നുന്നുണ്ട്. വ്യക്തികേന്ദ്രീകൃതമായ കോണ്‍ഗ്രസില്‍ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാട് തന്നെയാണ്. കേരളത്തില്‍ ഒരു ഉത്തമ പ്രതിപക്ഷമാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല എന്ന് ചില കോണ്‍ഗ്രസ് നേതാക്കളെങ്കിലും തുറന്നടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ വീഴ്ച മുതലെടുക്കാന്‍ ബിജിപിക്ക് കഴിയുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമം നടത്തുകയാണെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു.
കോണ്‍ഗ്രസില്‍നിന്നു മാത്രമല്ല, ചിലപ്പോള്‍ ഇടതുപക്ഷത്തുനിന്നും ബിജെപിയിലേക്ക് ചുവടുമാറ്റം ഉണ്ടായേക്കാം. അതിന് ഉത്തമ ഉദാഹരണമാണല്ലോ ഒരുകാലത്ത് സിപിഎം സ്വതന്ത്ര എം.എല്‍.എമായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് ബിജെപിയുടെ ദേശീയ നേതൃനിരയില്‍ എത്തിയത്. നിലവില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം എന്തുകൊണ്ടും ബിജെപിക്ക് അനുകൂലമാണ്. ഭരണസ്തംഭനവും ഭരണത്തിനെതിരായ വിമര്‍ശനവും ഇടതുമുന്നണി സര്‍ക്കാരിന്റെ നിറം കെടുത്തിയിരിക്കുന്നു. പ്രതിപക്ഷമായ കോണ്‍ഗ്രസ് ആകട്ടെ ജീവശവമായി തുടരുകയും ചെയ്യുന്നു. ഫലത്തില്‍ പുതിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് കേരളത്തില്‍ എന്തുകൊണ്ടും അനുകൂല സാഹചര്യം. സംസ്ഥാനത്തെ ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താന്‍ പുറത്ത് നിന്ന് കുടുതല്‍ നേതാക്കളെ പാര്‍ട്ടിയിലേയ്ക്ക് എത്തിക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയെ അധികാരത്തിലേറ്റിയതിന്റെ ആത്മവിശ്വാസത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്തതായി ലക്ഷ്യം വക്കുന്നത് കേരളത്തെയാണ്. പൊതുവേ ബിജെപിക്ക് കാര്യമായ പിന്‍ബലമില്ലാത്ത ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ മികച്ച അവസരം ബിജെപി സ്വപ്നം കാണുന്നുണ്ട്. കോണ്‍ഗ്രസിനെ അപ്രസക്തമാക്കി സംസ്ഥാനത്ത് പ്രബല ശക്തിയാക്കാന്‍ കഴിയുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. ഇടതുവലതു പോരാട്ടം എന്ന പതിറ്റാണ്ടുകളുടെ കീഴ് വഴക്കത്തില്‍നിന്നും സിപിഎം ബിജെപി പോരാട്ടമായി കേരളത്തിലെ തെരഞ്ഞെടുപ്പ് ഗോദകളെ മാറ്റിയെടുക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് കഴിയും എന്നതില്‍ തര്‍ക്കമില്ല.
കേരളത്തില്‍ ഇനി സിപിഎം-ബിജെപി പോരാട്ടമാണ് നടക്കാന്‍ പോകുന്നതെന്ന ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളിധര റാവുവിന്റെ പ്രസ്താവന ഏറെ പ്രസക്തമാണ്. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച തന്നെ ആകും ബിജെപിക്ക് ആദ്യഘട്ടത്തില്‍ ഉയര്‍ത്തികാട്ടാനാകുക. മറ്റൊന്നു കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ്. ഇതിനോടകം തന്നെ നിരവധി ന്യൂനപക്ഷ സമുദായങ്ങള്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കേരളത്തില്‍ അപ്രതീക്ഷിത രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയാണ്. സ്വന്തം നേതാക്കളെ പോലും അവിശ്വസിക്കേണ്ടി വരുന്ന അനിശ്ചിതത്വം കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ ബിജെപിയുടെ രാഷ്ട്രീയ തന്ത്രജ്ഞത ഏറെ മികവുറ്റതായി. മലപ്പുറം ഉപതെരഞ്ഞെടുപ്പിനുശേഷം സംഭവിക്കാനിരിക്കുന്ന നിര്‍ണായക രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെയും, ഒരു പരിധിവരെ ഇടതുപക്ഷത്തിന്റെയും വിലാപവും ബിജെപിയുടെ പുഞ്ചിരിയും കേരളീയര്‍ക്ക് ആസ്വദിക്കാന്‍ അവസരമുണ്ടാകും എന്നതില്‍ സംശയമില്ല.
Post Your Comments