ദുബായ്•ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് നിയമക്കുരുക്കിലായി ദുബായ് ജയിലിടയ്ക്കപ്പെട്ട പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മകള്‍ ഡോ. മഞ്ജു ജയില്‍ മോചിതയായി. 5 കോടിയില്‍ താഴെയുള്ള ഇടപാടുകളുടെ പേരിലായിരുന്നു മഞ്ജു ജയിലില്‍ അടക്കപ്പെട്ടത്. ഈ കേസുകള്‍ ഒത്തുതീര്‍പ്പായതോടെയാണ് മഞ്ജുവിന്റെ മോചനം സാധ്യമായത്.
യു.എ.ഇയിലെ വിവിധ ബാങ്കുകളിലായി ആയിരം കോടിയിലേറെ രൂപയുടെ വായ്പാ കുടിശിക വരുത്തിയാതോടെയാണ് ബാങ്കുകള്‍ നിയമനടപടി സ്വീകരിക്കാന്‍ തുടങ്ങിയതും രാമചന്ദ്രന് ജയിലിലായതും. അതിന് മുന്നേ തന്നെ ചെക്ക് മടങ്ങിയ കേസില്‍ മഞ്ജു ജയിലിലായിക്കഴിഞ്ഞിരുന്നു. നിസാര തുകയുടെ പേരില്‍ മകള്‍ ജയിലിലായിട്ടും പിതാവ് ഇടപെടാതിരുന്നതാണ് ബാങ്കുകള്‍ രാമചന്ദ്രന്റെ സാമ്പത്തിക സ്ഥിതി അന്വേഷിക്കാന്‍ കാരണമായത്. അപ്പോഴേക്കും അദ്ദേഹം കടക്കെണിയില്‍ അകപ്പെട്ടിരുന്നു. അതിലാണ് അദ്ദേഹത്തിന് മകളെ രക്ഷിക്കാന്‍ കഴിയാതിരുന്നത്.
മഞ്ജുവിന്റെ ജയില്‍ മോചനം രാമചന്ദ്രന്റെ കുടുംബത്തിന് ഏറെ ആശ്വാസമായിരിക്കുകയാണ്. രാമചന്ദ്രന്റെ മോചനത്തിനായി കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ വിവിധ ബാങ്കുകളുമായി ചര്‍ച്ച നടത്തി വരികയാണ്. ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ അധികം താമസിക്കാതെ രാമചന്ദ്രനും ജയില്‍ മോചിതനാകുമെന്നാണ് പ്രതീക്ഷ.
Post Your Comments