
ആഗ്ര : മുത്വലാഖിനെതിരേ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മാ അന്‍സാരി. അലിഗഢില്‍ അല്‍ നൂര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍. മുത്വലാഖ് എന്നൊരു സമസ്യ ഖുറാന്‍ വിശദീകരിക്കുന്നില്ലെന്നും ഭാരതത്തിലെ സ്ത്രീകള്‍ ഈ വിഷയത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും സല്‍മാ അന്‍സാരി വിശദീകരിച്ചു. ത്വലാഖ് എന്ന് വെറുതേ മൂന്നു പ്രാവശ്യം പറയുന്നതുകൊണ്ട് അത് യഥാര്‍ഥത്തില്‍ വിവാഹമോചനമാകുന്നില്ലെന്നും, മതപുരോഹിതന്മാര്‍ പറയുന്നതു കേട്ടു വിശ്വസിക്കാതെ മുസ്ലീം സ്ത്രീകള്‍ ഖുറാന്‍ സസൂക്ഷ്മം പഠിക്കണമെന്നും സല്‍മാ അന്‍സാരി വ്യക്തമാക്കി.
അറബിക് ഭാഷയിലുളള ഖുറാന്‍ പഠിക്കാന്‍ ശ്രദ്ധിക്കണം. തര്‍ജ്ജമ ചെയ്യപ്പെട്ട ഖുറാന്‍ അല്ല. മൗലാനമാര്‍ പറയുന്നത് എന്തായാലും അത് അതേപടി സ്വീകരിക്കുന്ന പ്രവണതയുണ്ട്. ഖുറാന്‍ പഠിക്കുക, ഹദീസുകള്‍ പഠിക്കുക. റസൂല്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കുക. സ്ത്രീകള്‍ ഖുറാന്‍ വായിക്കാനും, ശരിയായ രീതിയില്‍ അത് മനസ്സിലാക്കാനുമുളള ധൈര്യം കാണിക്കണം. അവര്‍ കൂട്ടിച്ചേര്‍ത്തു. സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് വിശുദ്ധഗ്രന്ഥം സസൂക്ഷ്മം പഠിക്കണം. മുത്വലാഖ് ഒരു വിഷയമേയല്ല. ആരെങ്കിലും ത്വലാഖ്, ത്വലാഖ്, ത്വലാഖ് എന്ന് പറഞ്ഞതുകൊണ്ട് അത് ത്വലാഖ് ആകുന്നില്ല. അങ്ങനെയൊരു നിയമം ഖുറാന്‍ അനുശാസിക്കുന്നുമില്ലെന്നും സല്‍മ അന്‍സാരി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭാരതീയ മുസ്ലിം മോര്‍ച്ച ആന്തോളന്‍ സഹ സ്ഥാപക സൈക സോമനും സല്‍മ അന്‍സാരിയുടെ വാക്കുകളെ ശരിവച്ചു. മുത്വലാഖിനെ സംബന്ധിച്ച യാതൊന്നും ഖുറാനിലില്ലെന്ന് അവര്‍ പറഞ്ഞു.
Post Your Comments