KeralaLatest NewsNews

തിരുവനന്തപുരം കൂട്ടക്കൊല: കേഡല്‍ ജിന്‍സനെക്കുറിച്ച് പുറത്തുവരുന്നത് അമ്പരപ്പിക്കുന്നതും അവിശ്വസനീയവുമായ കാര്യങ്ങള്‍

തിരുവനന്തപുരം: കേരളത്തെ നടുക്കിയ കൂട്ടക്കൊലയ്ക്ക് പിന്നില്‍ രാജ് തങ്കത്തിന്റെ മകന്‍ കേദല്‍ ജില്‍സണ്‍ രാജ തന്നെയെന്ന് പൊലീസ്. അമ്മയേയും അച്ഛനേയും സഹോദരിയേയും ഇളയമ്മയേയും കൊലപ്പെടുത്തി കിടപ്പുമുറിയല്‍ ഒളിപ്പിച്ച ശേഷം ടി.വി കണ്ടും ബന്ധുക്കളോടും നാട്ടുകാരോടും സാധാരണ പോലെ പെരുമാറുകയും ചെയ്ത കേദല്‍ പൊലീസിനെ പോലും അമ്പരപ്പിക്കുന്ന ക്രിമിനല്‍ വ്യക്തിത്വത്തിന്റെ ഉടമ. . . കമ്പ്യൂട്ടറുകള്‍ക്ക് കൃത്രിമ ബുദ്ധി നല്‍കി പ്രവര്‍ത്തിപ്പിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രതിഭയായിരുന്നു കേദല്‍.

ഡോക്ടറായ അമ്മയെയും പ്രൊഫസറായ അച്ഛനെയും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അനിയത്തിയെയും അമ്മയുടെ കുഞ്ഞമ്മയെയും കൊന്നു കത്തിക്കുകയും കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടിവയ്ക്കുകയും ചെയ്യാന്‍ മകന്‍ കേഡല്‍ ജിന്‍സന്‍ നടത്തിയതു മാസങ്ങള്‍ നീണ്ട ആസൂത്രണമെന്നു സൂചന. കുറച്ചു മാസം മുമ്പു പഠനം കഴിഞ്ഞ് ഓസ്‌ട്രേലിയയില്‍നിന്നു മടങ്ങിവന്ന കേഡല്‍ ജിന്‍സന്‍ കുറച്ചുനാളായി വീട്ടില്‍തന്നെയുണ്ടായിരുന്നു. എപ്പോള്‍ നോക്കിയാലും കംപ്യൂട്ടറില്‍ എന്തോ ചെയ്തുകൊണ്ടിരുന്ന കേഡല്‍ ഈ സമയമത്രയും കൊലപാതകത്തിനുള്ള ആസൂത്രണം നടത്തുകയായിരുന്നെന്നാണു കരുതുന്നത്.
കുട്ടന്‍ എന്നായിരുന്നു കാഡല്‍ ജിന്‍സനെ വിളിച്ചിരുന്നത്.

അത്രയ്ക്ക് സ്‌നേഹമായിരുന്നു ജീന്‍ പത്മത്തിനും ഭര്‍ത്താവ് രാജ് തങ്കത്തിനും. വിതുരയ്ക്കടുത്ത് ഏക്കര്‍കണക്കിനു സ്ഥലവും കോടികളുടെ ആസ്തിയുമുണ്ട്. ജീന്‍ തങ്കം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കാലത്താണ് തിരുവനന്തപുരത്തു സ്ഥിരതാമസമായത്. കാഡല്‍ ജിന്‍സനും സഹോദരിയും പഠനം ഭൂരിഭാഗവും തിരുവനന്തപുരത്തിനു പുറത്തായിരുന്നു. ഓസ്‌ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സില്‍ കംപ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കിയ കാഡല്‍ ജീന്‍സണ്‍ 2009-ല്‍ നാട്ടിലെത്തുകയും പിന്നീട് വീട്ടിലിരുന്നുതന്നെ ജോലിചെയ്യുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.

ഓസ്‌ട്രേലിയയില്‍ വൈദ്യശാസ്ത്രം പഠിക്കാനെത്തിയ കേഡല്‍, ഒടുവില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് മേഖലയിലായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് മേഖലയില്‍ പഠനം പൂര്‍ത്തിയാക്കിയ ഇയാള്‍, മടങ്ങിയെത്തിയ ശേഷം വീഡിയോ ഗെയിം വികസിപ്പിക്കലായിരുന്നു ജോലിയായി സ്വീകരിച്ചിരുന്നത്. വിഡിയോ ഗെയിംമില്‍ യുദ്ധങ്ങളൊരുക്കുന്നതിലായിരുന്നു കേഡലിന് താല്‍പ്പര്യം. ഈ യുന്തതന്ത്ര സമാനമായ രീതിയിലാണ് കൊലയും നടന്നിരിക്കുന്നത്. കേഡലിന് നാട്ടില്‍ സുഹൃത്തുക്കളൊന്നുമില്ലായിരുന്നുവെന്നും സമീപവാസികള്‍ പറയുന്നു. കടയിലും മറ്റും പോകാനായി വൈകുന്നേരങ്ങളില്‍ മാത്രമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ബാക്കിസമയമൊക്കെ വീട്ടില്‍ത്തന്നെയായിരുന്നുവെന്നും സമീപവാസികള്‍ പറയുന്നു.ഇയാളുടെ കംപ്യൂട്ടറുകളും മറ്റും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

എന്തിനാണു കാഡല്‍ ജിന്‍സന്‍ ഈ ക്രൂരകൃത്യം ചെയ്തതെന്നു ബന്ധുക്കള്‍ക്ക് ഇനിയും ചിന്തിച്ചെടുക്കാനായിട്ടില്ല. ഇവര്‍ തമ്മില്‍ യാതൊരു പ്രശ്‌നവും ഉള്ളതായും ബന്ധുക്കള്‍ക്ക് അറിയില്ല. ജിന്‍സനെ പിടികൂടിയെങ്കില്‍ മാത്രമേ കേസില്‍ തുമ്പുണ്ടാകൂ. അതിനിടെ, ജിന്‍സന്‍ രാജ്യം വിട്ടെന്ന സൂചനയും ശക്തമായി. ഇന്നലെ പുലര്‍ച്ചെ കൃത്യം നിര്‍വഹിച്ചശേഷം തിരുവനന്തപുരം വിട്ട ജിന്‍സന്‍ ചെന്നൈ വഴി രാജ്യം വിട്ടെന്നാണു സംശയം. കാഡല്‍ ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയതെന്ന കാര്യത്തിലും പൊലീസ് സംശിക്കുന്നുണ്ട്. മൂന്നുപേരെയും ഒരു ദിവസം വകവരുത്തിയെന്നാണു കരുതുന്നത്. കുഞ്ഞമ്മയെ മറ്റൊരു ദിവസവും.
കൊല നടത്തിയ കേഡല്‍ എങ്ങോട്ടാണ് പോയതെന്നതിനെ കുറിച്ച് ആര്‍ക്കും ഒരു സൂചനയില്ല. അതിനിടെ കേഡല്‍ ജീന്‍സണ്‍ രാജയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ഇ ബൈജുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസാണ് അന്വേഷണം നടത്തുന്നത്.

രാജ് തങ്കത്തേയും കുടുബത്തേയും ഉന്മൂലനം ചെയ്തത് പുറത്തു നിന്നുള്ള ആരും ആകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടല്‍. സാഹചര്യ-ശാസ്ത്രീയ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് കേഡലിലേക്കാണ്.

മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് 650 മീറ്റര്‍ അകലത്താണ് ഈ വീട്. അതുകൊണ്ട് തന്നെ അന്വേഷണം കാര്യക്ഷമമാക്കാനുള്ള നിര്‍ദ്ദേശം പൊലീസിന് നല്‍കിയിട്ടുണ്ട്. കേഡലിന് സുഹൃത്തുക്കളൊന്നും കാര്യമായില്ലാത്തതാണ് പൊലീസിനെ കുഴക്കുന്നത്. ഇയാള്‍ മൊബൈലും കൊണ്ടു പോയിട്ടില്ല. ബന്ധുക്കളെ ആരേയും ബന്ധപ്പെടുന്നുമില്ല. വീട്ടില്‍ നിന്ന് കിട്ടിയ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കി. വിരലിലെണ്ണാവുന്ന ചില നമ്പരുകള്‍ മാത്രമാണ് ഇയാളുടെ ഫോണ്‍കോള്‍ വിവരങ്ങളില്‍ പൊലീസ് അന്വേഷണ വിധേയമാക്കുന്നത്. നഗരത്തിലെ ഒരു ഹോട്ടല്‍, കൊറിയര്‍ സര്‍വ്വീസ്, കുട്ടികള്‍ക്കുള്ള ഗെയിംസെര്‍ച്ച് സെര്‍ച്ച് എന്‍ജിനുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയ കേന്ദ്രീകരിച്ചുള്ള ചില ഇന്റര്‍നാഷണല്‍ കോളുകളുമുള്‍പ്പെടെ ചുരുക്കം ഫോണ്‍ ബന്ധങ്ങളാണ് ഇയാള്‍ക്കുള്ളത്. അതുകൊണ്ട് തന്നെ കേഡലിനെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ പൊലീസിന് പരിമിതികള്‍ ഏറെയാണ്.
ഫോണും കമ്പ്യൂട്ടറും എല്ലാം വീട്ടിലുപേക്ഷിച്ച് പോയിട്ടുള്ള കേഡല്‍ പുതിയ ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ മൊബൈല്‍ കമ്പനികളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ഇവര്‍ക്കുള്ള റബ്ബര്‍തോട്ടത്തില്‍ നിന്ന് അവിടുത്തെ നോട്ടക്കാരന്‍ നല്‍കിയ മുക്കാല്‍ ലക്ഷത്തോളം രൂപ ഇയാളുടെ കൈവശമുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ലഭിച്ച മൊഴികളില്‍ നിന്നും കേഡലിലേക്ക് മാത്രം അന്വേഷണം ചുരുങ്ങാനാണ് സാധ്യത. വീട്ടിലെ ജോലിക്കാരിയുടെ മൊഴിയാണ് ഇതില്‍ നിര്‍ണ്ണായകം. എന്നാല്‍ എന്തിന് കൊലപ്പെടുത്തിയെന്നതില്‍ ഒരു സൂചനയുമില്ല. പ്രകോപനമൊന്നുമില്ലാതെ മൂന്ന് പേരെ കേഡല്‍ കൊലപ്പെടുത്തിയതില്‍ സംശയങ്ങള്‍ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ അതിനൊന്നും അടിസ്ഥാനമില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രധാനമായും ഒരു ന്യായമാണ് ഇതിനായി അവര്‍ പറയുന്നത്. മൃതദേഹ പരിശോധനയില്‍ നിന്ന് ബുധനാഴ്ചയാണ് മൂന്നു പേരുടെ കൊല നടന്നതെന്ന് വ്യക്തമാണ്. ശനിയാഴ്ചയും കേഡല്‍ ഈ വീട്ടിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കേഡലിന്റെ ആസൂത്രണമാണ് കൊലപാതകം.
വീട്ടു ജോലിക്കാരിയുടെ മൊഴിയനുസരിച്ച് ബുധനാഴ്ച ഉച്ചയ്ക്ക് കേഡലുള്‍പ്പെടെ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിക്കുമ്പോള്‍ ഇത്തരത്തില്‍ എന്തെങ്കിലും പിണക്കങ്ങളോ പ്രശ്നങ്ങളോ ഉള്ളതായി തോന്നിയില്ല. ഉച്ചഭക്ഷണത്തിനുശേഷം ബെയിന്‍സ് കോമ്പൗണ്ടിലെ അയല്‍വീട്ടിലേക്ക് പോയ ജോലിക്കാരി വൈകിട്ടോടെയാണ് അവിടെ നിന്ന് മടങ്ങിയെത്തിയത്. മടങ്ങിയെത്തിയപ്പോള്‍ അച്ഛനും അമ്മയും സഹോദരിയും വിദേശത്തുള്ള സുഹൃത്തിന്റെ കുടുംബവുമായി കന്യാകുമാരിയിലേക്ക് പോയെന്നാണ് കേഡല്‍ ധരിപ്പിച്ചത്. അതായത് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കൊല നടന്നുവെന്ന് വേണം വിലയിരുത്താനെന്ന് പൊലീസ് പറയുന്നു. കേഡല്‍ മാതാപിതാക്കളെയും സഹോദരിയെയും വകവരുത്തിയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളോ മയക്കുമരുന്നോ നല്‍കി ബോധം കെടുത്തിയോ മുകള്‍ നിലയില്‍ എത്തിച്ചുണ്ടാകണം.

അന്ന് രാത്രിയും ബന്ധുവായ വല്യമ്മയ്ക്കൊപ്പം ആഹാരം കഴിച്ച കേഡല്‍ അവരോടും മാതാപിതാക്കള്‍ കന്യാകുമാരിയിലാണെന്നാണ് ധരിപ്പിച്ചത്. കാഴ്ചയ്ക്ക് തകരാറുള്ളതിനാല്‍ ലളിതയും മുകള്‍ നിലയില്‍ കടക്കാറില്ല. വ്യാഴാഴ്ചയും തുടര്‍ന്നുള്ള ദിവസങ്ങളിലും ജോലിക്കാരിയോട് തനിക്കും വല്യമ്മയ്ക്കുമുള്ള ഭക്ഷണം തൊട്ടടുത്തുള്ള ബന്ധുവീട്ടില്‍ പാചകം ചെയ്ത് വച്ചിരുന്നാല്‍ മതിയെന്നാണ് കേഡല്‍ നിര്‍ദേശിച്ചത്. ഇതനുസരിച്ച് അവര്‍ ഭക്ഷണം പാചകം ചെയ്ത് അവിടെയാണ് വച്ചിരുന്നത്. അങ്ങനെ അവരേയും വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്തി. നഗരത്തിലെ ഒരു ഹോട്ടലില്‍ നിന്ന് ബിരിയാണി, ഷവര്‍മ്മ തുടങ്ങിയവയും രണ്ട് ദിവസങ്ങളിലായി പാഴ്സലായി വാങ്ങിയിട്ടുണ്ട്. ഇതിനും പൊലീസിന് തെളിവ് കിട്ടിയിട്ടുണ്ട്. മാതാപിതാക്കളെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഡെറ്റോളും ഫിനോയിലും മറ്റും ഒഴിച്ചെങ്കിലും അസ്വാഭാവിക ഗന്ധത്തില്‍ സംശയം തോന്നിയ വല്യമ്മ ലളിത മുകള്‍ നിലയിലേക്ക് കടന്നുചെല്ലാന്‍ ശ്രമിച്ചിരിക്കാമെന്നും പൊലീസ് വിലയിരുത്തുന്നു. ഈ സമയത്താകും അവരേയും വകവരുത്തിയത്.
വെള്ളിയാഴ്ച പകല്‍ പട്ടത്തിനും പ്ളാമൂടിനും മദ്ധ്യേയുള്ള പെട്രോള്‍ പമ്പിലെത്തി പത്ത് ലിറ്റര്‍ പെട്രോള്‍ കേഡല്‍ കന്നാസില്‍ വാങ്ങിയിരുന്നു. പെട്രോള്‍ ഒഴിച്ച് മൃതദേഹങ്ങള്‍ കത്തിച്ച് ചാമ്പലാക്കിയശേഷം സമീപത്തെ പറമ്പില്‍ അവശിഷ്ടങ്ങള്‍ കുഴിച്ചിടാനായിരുന്നു പരിപാടിയിട്ടിരുന്നതെന്നാണ് കരുതുന്നത്. ഇതിനായി കുഴിയെടുക്കാന്‍ രാത്രിയില്‍ പറമ്പിലിറങ്ങിയ കേഡലിന്റെ നീക്കം അയല്‍വാസിയുടെ കാണുകയും ചെയ്തിട്ടുണ്ട്. ഈ മൊഴിയാണ് കേഡലിനെ ഈ കേസില്‍ പ്രതിയാക്കുന്നത്. അസമയത്ത് പറമ്പിലെ ആളനക്കം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസി ലൈറ്റിടുകയും ഒച്ചപ്പാടുണ്ടാക്കുകയും പൊലീസിനെ വിളിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ കേഡല്‍ ഇയാള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട് താന്‍ പട്ടിയെ ഓടിക്കാനെത്തിയതാണെന്ന് വെളിപ്പെടുത്തി തടിതപ്പുകയായിരുന്നു. അതുകൊണ്ട് തന്നെ കേഡലിന്റെ കൈ കൊലയ്ക്ക് പിന്നിലുണ്ടെന്ന് പൊലീസ് ഉറച്ചു വിശ്വസിക്കുന്നു.
ശനിയാഴ്ച ലളിതയെ കാണാത്തത് ചോദ്യം ചെയ്ത ജോലിക്കാരിയോട് കന്യാകുമാരിയില്‍നിന്ന് മടങ്ങിയെത്തിയ അച്ഛനമ്മമാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ലളിത ഊട്ടിയിലും കൊടൈക്കനാലിലും പോയതായാണ് കേഡല്‍ മറുപടി നല്‍കിയത്. ഇടയ്ക്ക് ലളിതയുമായി കുടുംബം ദൂരയാത്രയ്ക്ക് പോകാറുള്ളതിനാല്‍ ജോലിക്കാരി ഇത് വിശ്വസിച്ചു. അതായത് കേഡലിനെ ശനിയാഴ്ചയും വീട്ടില്‍ ജോലിക്കാരി കണ്ടിരുന്നു. അതുകൊണ്ട് തന്നെ കൊലയില്‍ മറ്റാരേയും സംശയിക്കേണ്ടതില്ലെന്നാണ് പൊലീസ് നിഗമനം. ഈ സമയത്തും മൃതദേഹങ്ങള്‍ തെളിവുകളില്ലാത്തവിധം മറവ് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുകയായിരുന്നു കേഡലെന്ന് പൊലീസ് കണക്കുകൂട്ടുന്നു. പുറത്തൊരിടത്തും മൃതദേഹം മറവ് ചെയ്യാന്‍ സാധിക്കില്ലെന്ന് ഉറപ്പായപ്പോഴാകാം നിവൃത്തിയില്ലാതെ വീട്ടിനുള്ളിലെ ബാത്ത് റൂമില്‍ കൂട്ടിയിട്ട് പെട്രോളൊഴിച്ച് കത്തിച്ചത്.

ഫോറന്‍സിക് വിഭാഗവും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും നടത്തിയ തെളിവെടുപ്പില്‍ പുറത്തുനിന്ന് മറ്റാരുടെയും സാന്നിദ്ധ്യം സംഭവത്തിന് പിന്നിലുള്ളതായി കണ്ടെത്തിയിട്ടില്ല.
വീട്ടാവശ്യത്തിനായി വളര്‍ത്തിയിരുന്ന കോഴികളെ കൊന്ന് കറി വയ്ക്കാന്‍ ഉപയോഗിച്ചിരുന്ന വെട്ടുകത്തി, കൈമഴു തുടങ്ങിയവയാണ് കേഡല്‍ മാതാപിതാക്കളുടെ അരുംകൊലയ്ക്കും ഉപയോഗിച്ചത്. ടര്‍ക്കിയുള്‍പ്പെടെ മുട്ടയ്ക്കും മാംസത്തിനുംവേണ്ടി വളര്‍ത്തുന്ന നൂറിലേറെ കോഴികള്‍ ഇവരുടെ വീട്ടിലുണ്ട്. വീടിനോട് ചേര്‍ന്നുള്ള കോഴിക്കൂടിന്റേതുള്‍പ്പെടെ പ്രത്യേക സാഹചര്യവും അന്തരീക്ഷവുമായതിനാല്‍ കൊലപാതകത്തിന്റെ ആദ്യദിവസങ്ങളില്‍ രക്തത്തിന്റെയും മാംസത്തിന്റെയും ഗന്ധം തിരിച്ചറിയാന്‍ വേലക്കാരിക്കോ ലളിതക്കോ കഴിഞ്ഞിരുന്നില്ലെന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button