തിരുവനന്തപുരം: ജിഷ്ണു പ്രാണോയിക്കു നീതി ലഭിക്കാനായി അമ്മ മഹിജ നടത്തിയ സമരത്തിനിടെ തോക്കു സ്വാമിയെന്ന ഹിമവല്‍ഭദ്രാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തത് എങ്ങനെയെന്നറിഞ്ഞാല്‍ ജനം ചിരിക്കും. തീര്‍ത്തും ആടിനെ പട്ടിയാക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതേസമയം ഇടയ്ക്കു നഷ്ടപ്പെട്ട മൈലേജ് അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയതിന്റ ചെറിയ സന്തോഷം സ്വാമിക്കുമുണ്ട്.
തോക്കുസ്വാമിയെന്ന ഹിമവല്‍ഭദ്രാനന്ദയെ അറിയാത്തവര്‍ ചുരുക്കമാണ്. ഇടയ്ക്കിടെ വിവാദമുണ്ടാക്കി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന സ്വാമിക്ക് പിന്നീട് മാര്‍ക്കറ്റ് കുറയുകയും ചാനല്‍ വിട്ട് ഫേസ്ബുക്ക് വഴി ഓപ്പറേഷന്‍ തുടരുകയുമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ നാലു ചീത്ത വിളിച്ച് ജയിലിലായിരുന്നു സ്വാമി. ഇതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി സ്വാമി വീണ്ടും അറസ്റ്റിലാകുന്നത്. ജിഷ്ണുവിന്റെ അമ്മ ഡിജിപി ഓഫീസില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിച്ച തോക്കു സ്വാമി ഇപ്പോള്‍ 14 ദിവസം റിമാന്‍ഡിലാണ്.
ജിഷ്ണു പ്രണോയിയെയോ അമ്മ മഹിജയെയോ നേരിട്ട് ഒരു പരിചയവുമില്ലാത്ത കക്ഷിയാണ് തോക്കുസ്വാമി. മഹിജ സമരത്തിനായി ഡിജിപി ഓഫീസിലെത്തിയ ദിവസം തോക്കുസ്വാമിയും കെട്ടും കിടക്കയുമായി തിരുവനന്തപുരത്തെത്തി. കേരളത്തെ ഞെട്ടിക്കുന്ന ഒരു ബോംബ് കൈയിലുണ്ടത്രേ. അത് ഡിജിപിക്ക് നല്കുകയായിരുന്നു കഥാനായകന്റെ ലക്ഷ്യം.
സംഭവദിവസം രാവിലെ ഡിജിപി ഓഫീസിനു മുന്നിലെ പെട്ടിക്കടയില്‍ ചായയൊക്കെ കുടിച്ച് നില്ക്കുകയായിരുന്നു സ്വാമി. ഇതിനിടെയാണ് മഹിജയെ പൊലീസ് തടയുന്നതും ഷാജഹാനെയൊക്കെ കസ്റ്റഡിയിലെടുക്കുന്നതും. ഇതുകണ്ട് ചെറിയ കമന്റൊക്കെ പാസാക്കി നില്ക്കുമ്പോഴാണ് മ്യൂസിയം എസ്ഐയുടെ ദൃഷ്ടിയില്‍ സ്വാമി പെടുന്നത്. ഉടന്‍ ചോദ്യം വന്നു, ‘എന്താ ഇവിടെ’. സ്വാമിയുടെ മറുപടിയും പെട്ടെന്നായിരുന്നു. ‘ഡി.ജി.പിയെ കാണാന്‍ വന്നതാണ്.
ചോദ്യവും പറച്ചിലുമൊന്നും പിന്നെ ഉണ്ടായില്ല. നേരെ പൊലീസിന്റെ ഇടിവണ്ടിയിലേക്ക് സ്വാമിക്ക് പ്രമോഷന്‍. സ്റ്റേഷനില്‍നിന്ന് നേരെ കോടതിയിലേക്ക്. കോടതിയില്‍വച്ചാണ് താന്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് പിടിയിലായതെന്ന കാര്യം സ്വാമി അറിയുന്നതത്രേ. എന്തായാലും ഇപ്പോള്‍ പൂജപ്പുര ജയിലിലാണ് കക്ഷി.
Post Your Comments