Latest NewsIndiaNews

മദ്യശാലകൾ പൂട്ടാനുള്ള സുപ്രീം കോടതി നിർദേശം മറികടക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാരുകൾ

ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നവിധി മറികടക്കാന്‍ വഴിതേടി സംസ്ഥാനങ്ങള്‍. സംസ്ഥാനപാതകളെ ജില്ലാറോഡാക്കിയും മറ്റും ബാറുകള്‍ സംരക്ഷിക്കാനാണ് ചില സംസ്ഥാനങ്ങളുടെ ശ്രമം. ഉത്തര്‍പ്രദേശ്, ചണ്ഡീഗഢ്, ഹരിയാണ, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇതിന് തുടക്കമിട്ടത്. ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകുംവരെ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാനാവുമെന്ന നിയമവ്യാഖ്യാനത്തില്‍ വിധി നടപ്പാക്കാന്‍ സാവകാശം തേടുകയാണ് ആന്ധ്രയും തെലങ്കാനയും.

വിധി പ്രാബല്യത്തിലായ ഏപ്രില്‍ ഒന്നിന് മുമ്പേ ഉത്തർപ്രദേശ് സംസ്ഥാനത്തെ പല പ്രധാനസംസ്ഥാന പാതകളും ജില്ലാറോഡുകളായി പ്രഖ്യാപിച്ചു. ഇതുവഴി ഒട്ടേറെ മദ്യക്കടകളെ നിരോധനത്തില്‍ നിന്ന് രക്ഷിക്കാനായി.
ഹരിയാണയില്‍ 194 ബാറുകളെയാണ് വിധി ബാധിക്കുക. ഇതില്‍ 106 എണ്ണവും ഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന ഗുരുഗ്രാമിലാണ്. സംസ്ഥാനമൊട്ടാകെ ബാറുകളടക്കം 3000 മദ്യഷാപ്പുകളാണുള്ളത്. ഇതില്‍ 1400 എണ്ണം ദൂരപരിധിനിയന്ത്രണത്തിന് അനുസരിച്ച് മാറ്റിസ്ഥാപിച്ചു.

ഡല്‍ഹിയില്‍ നൂറിലേറെ ബാറുകളും ഹോട്ടലുകളും അടച്ചു. തങ്ങള്‍ അഞ്ഞൂറ് മീറ്റര്‍ പരിധിക്ക് പുറത്താണെന്ന് കാണിച്ച് ഒട്ടേറെ ബാറുകള്‍/മദ്യക്കടകള്‍ സര്‍ക്കാരിനെ സമീപിച്ചു. ഇവയിലേക്ക് ഹൈവേയില്‍നിന്നുള്ള ദൂരം വീണ്ടും അളക്കും. മഹാരാഷ്ട്രയിൽ ഏതാണ്ട് ആയിരം ബാറുകളടക്കം 15,699 മദ്യഷാപ്പുകളാണ് പൂട്ടിയത്. വിധി മറികടക്കാന്‍ മുംബൈ, പുണെ, ജല്‍ഗാവ്, യവത്മല്‍ എന്നിവിടങ്ങളില്‍ സംസ്ഥാനപാതകള്‍ ജില്ലാറോഡുകളാക്കുന്നതിനുള്ള നടപടിക്രമം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button